ഓട്ടോയിൽ കാർ തട്ടിയതിൽ തർക്കം: ഡ്രൈവർക്കും സമീപവാസിക്കും മർദ്ദനം

Thursday 15 January 2026 8:13 AM IST

ചേർത്തല: ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാർ തട്ടിയത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെയും പ്രശ്നം പറഞ്ഞു തീർക്കാനെത്തിയ സമീപവാസിയെയും കാർ ഓടിച്ചിരുന്ന പട്ടാള ഉദ്യോഗസ്ഥനും സഹോദരനും ചേർന്ന് മർദ്ദിച്ചതായി പരാതി. പരിക്കേറ്റ ഓട്ടോ ഡ്രൈവർ മുഹമ്മ പഞ്ചായത്ത് 17ാം വാർഡിൽ ചാരമംഗലം തടത്തിൽ സുനിൽകുമാർ(42), ചേർത്തല തെരുവിൽ ടി.ടി.സജി എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചേർത്തല സ്വദേശികളായ അനന്തകൃഷ്ണൻ സഹോദരൻ വിഷ്ണുരവി എന്നിവരെ പ്രതിയാക്കി ചേർത്തല പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് ചേർത്തല ഇ.എസ്.ഐ ആശുപത്രിക്കു സമീപം സുനിൽകുമാറിന്റെ ഓട്ടോക്കു പിന്നിൽ കാർതട്ടിയത്. ഇത് ചോദ്യം ചെയ്ത സുനിൽ കുമാറിന്റെ മുഖത്ത് അടിക്കുകയും റോഡിലിട്ട് മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. വിവരമറിഞ്ഞാണ് പൊതുപ്രവർത്തകനായ സജിയെത്തി പ്രശ്നം പറഞ്ഞു തീർക്കാൻ ശ്രമിച്ചത്. സഹോദരങ്ങൾ സജിയെയും മർദ്ദിച്ചതായാണ് പരാതി. തുടർന്നെത്തിയ പൊലീസ് അനന്തകൃഷ്ണനെയും,വിഷ്ണുവിനെയും പിടികൂടുകയായിരുന്നു.മർദ്ദനമേറ്റ സജിയേയും,സുനിൽ കുമാറിനേയും ചേർത്തല താലൂക്കാശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.