ഭക്ഷണത്തിന്റെ പേരിൽ വിവേചനം:ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നഷ്ട പരിഹാരം

Thursday 15 January 2026 12:35 AM IST

വാഷിംഗ്ടൺ: ഭക്ഷണത്തിന്റെ പേരിൽ വിവേചനം നേരിട്ട ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 2 ലക്ഷം ഡോളർ നഷ്ട പരിഹാരം നൽകി യു.എസിലെ കൊളറാഡോ ബോൾഡർ സർവകലാശാല. ആദിത്യ പ്രകാശ്, ഊർമി ഭട്ടാചാര്യ എന്നീ ഗവേഷണ വിദ്യാർത്ഥികളുടെ നിയമപോരാട്ടമാണ് വിജയിച്ചത്.

2023 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ത്രപോളജി വിഭാഗത്തിലെ വിദ്യാർത്ഥിയായ ആദിത്യ ഉച്ചഭക്ഷണമായി കൊണ്ടുവന്ന പാലക് പനീർ ഡിപ്പാർട്ട്മെന്റിന്റെ മൈക്രോവേവ് ഓവനിൽ ചൂടാക്കി. പാലക് പനീർ ചൂടാക്കുമ്പോൾ രൂക്ഷ ഗന്ധം അനുഭവപ്പെടുന്നെന്നും ഇത്തരം ഭക്ഷണങ്ങൾ ഇവിടെ ചൂടാക്കാൻ പാടില്ലെന്നും സ്റ്റാഫ് അംഗം നിർദ്ദേശിക്കുകയായിരുന്നു.

പ്രതികാര നടപടിയായി ഊർമിയെ ടീച്ചിംഗ് അസിസ്റ്റന്റ് പദവിയിൽ നിന്ന് നീക്കിയെന്നും ഇരുവർക്കും മാസ്റ്റേഴ്സ് ഡിഗ്രി നൽകാൻ സർവകലാശാല വിസമ്മതിച്ചെന്നും പറയുന്നു. തുടർന്ന് കഴിഞ്ഞ മേയിൽ ഇരുവരും കേസ് ഫയൽ ചെയ്യുകയായിരുന്നു. നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ ഇരുവർക്കും മാസ്റ്റേഴ്സ് ബിരുദം നൽകാനും കോടതി നിർദ്ദേശിച്ചു. അതേ സമയം, ഒത്തുതീർപ്പ് കരാറിന്റെ ഭാഗമായി ഇരുവർക്കും സർവകലാശാലയിൽ വിലക്കേർപ്പടുത്തി.