അപ്രതീക്ഷിത വേനൽ മഴ,​ കുട്ടനാട്ടിലെ കർഷകർക്ക് ആശങ്ക

Wednesday 14 January 2026 11:46 PM IST

കുട്ടനാട്: പുഞ്ചക്കൊയ്ത്ത് ആരംഭിച്ചതിന് തൊട്ടുപിന്നാലെ അപ്രതീക്ഷിത വേനൽ മഴയെത്തിയത് കുട്ടനാട്ടിലെ കർഷകരെ ആശങ്കയിലാക്കി.

നെടുമുടി കൃഷിഭവന് കീഴിലെ കുരുശുപള്ളി പാടത്ത് കൊയ്‌ത്ത്

ആരംഭിച്ചതിന് തൊട്ടുപിന്നാലെ രാമങ്കരി, വെളിയനാട്, കിടങ്ങറ, ചമ്പക്കുളം തുടങ്ങിയ പ്രദേശങ്ങളിൽ മഴ ശക്തമായി. ഉച്ചയ്ക്ക് ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. നെല്ലുവിളഞ്ഞുകിടക്കുന്ന മിക്ക പാടശേഖരങ്ങളിലും ഇത് ചെറിയതോതിൽ വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മറ്റു പാടശേഖരങ്ങളിലേയ്ക്ക് കൊയ്ത്ത് വ്യാപിക്കാനിരിക്കെയാണ് നിനച്ചിരിക്കാതെ മഴയെത്തിയത്.എന്നാൽ,​ കൊയ്ത്ത് പുരോഗമിക്കുന്ന കുരിശുപള്ളി പാടത്തും സമീപ പ്രദേശങ്ങളിലും മഴ ശക്തമാകാത്തത് കർഷകർക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്.

കൊയ്‌ത്തിനെ ബാധിക്കും

മഴ തുടർന്നാൽ ഇത്തവണത്തെ കൊയ്ത്താകെ താളം തെറ്റുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. മാനത്ത് മഴക്കാറ് കണ്ടാൽ ഈർപ്പത്തിന്റെ പേരിൽ അധിക കിഴിവ് ഈടാക്കുന്നത് മില്ലുകാരുടെ പതിവാണ്. മാത്രമല്ല,​സംഭരിക്കുന്ന ഓരോ ക്വിന്റലിനും കൂടുതൽ തൂക്കം നെല്ല് ആവശ്യപ്പെടാനും തുടങ്ങും.കഴിഞ്ഞ കുറേ കാലമായി കർഷകർ അനുഭവിച്ചുവരുന്ന പ്രശ്നമാണിത്. ഇപ്രാവശ്യമെങ്കിലും ഇതിൽ നിന്നൊന്ന് രക്ഷപ്പെടാമെന്ന് കരുതിയിരിക്കുന്നതിനിടെയാണ് മഴ തുടങ്ങിയത്. ഇതോടെ കർഷകർ വലിയ ആധിയിലാണ്.