പച്ചമതിൽ കണ്ടാൽ വള്ളിപ്പടർപ്പ് പോലെ
മുഹമ്മ: കലവൂർ - അയ്യങ്കാളി റോഡിലൂടെ പോകുമ്പോൾ ആ വള്ളിമതിൽ
ആരുമൊന്ന് ശ്രദ്ധിക്കും. വള്ളിപ്പടർപ്പ് വെട്ടിയൊതുക്കി സുന്ദരമാക്കിയ വേലി. മനോഹരമായ പച്ചപ്പടർപ്പിനെ അടുത്തുചെന്ന് കാണാൻ ആരുമൊന്ന് മോഹിക്കും.തൊട്ടുനോക്കുമ്പോൾ അറിയും, അതൊരു പ്ളാസ്റ്റിക് വള്ളിപ്പടർപ്പാണെന്ന് ! കലവൂർ ഖാദി കേന്ദ്രത്തിന് സമീപം പുതുവൽവെളി ഇനാസിന്റെ മനോഹരമായ വീടിന്റെ വേലിയാണിത്.
വലിയ പണം മുടക്കി നിർമ്മിച്ച മതിലുകൾ ആരും ശ്രദ്ധിക്കാതെ പോകുമ്പോൾ, ചെറിയ ചെലവിൽ ചോതോഹരമായ പ്ളാസ്റ്റിക് ഇലയുടെ മെഷ് കൊണ്ട് നിർമ്മിച്ച ഈ വേലി കൗതുകക്കാഴ്ച തന്നെയാണ്. ഇതുവഴി പോകുന്നവരിൽ പലരും വള്ളിമതിലിന്റെ ചിത്രം മൊബൈലിൽ ഫോണിൽ പകർത്താൻ തുടങ്ങിയതോടെ സംഭവം നാട്ടിലും ഹിറ്റായി.
വീടുവച്ചതിന് ശേഷമാണ് ഇനാസ് മതിൽ കെട്ടാനൊരുങ്ങിയത്. അധികം താമസിയാതെ വീടിനോട് ചേർന്ന് ഒരു സ്ഥാപനം തുടങ്ങണമെന്നുണ്ട്. അപ്പോൾ മതിൽ പൊളിക്കേണ്ടിവരുമല്ലോ എന്നുകരുതി താത്കാലിക സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചു. അങ്ങനെയാണ് കോയമ്പത്തൂരിലെ ഒരു കമ്പനിയിൽ നിന്ന് മെഷ് വാങ്ങി 'വള്ളിമതിൽ' നിർമ്മിച്ചത്.ഇരുമ്പ് കമ്പിയിലാണ് മെഷ് ഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് നല്ല ബലമുണ്ട്. പെട്ടെന്ന് വീണുപോകില്ല. അടിക്ക് 84 രൂപ വച്ച് വേലിക്ക് 26000 രൂപയോളം ചെലവായി.