അറസ്റ്റിലായത് നാലാമത്തെ കമ്മ്യൂണിസ്റ്റ് നേതാവ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ നാലാമത്തെ കമ്മ്യൂണിസ്റ്റ് നേതാവാണ് കെ.പി.ശങ്കരദാസ്. കേസെടുത്ത് എൺപത്തിയൊന്നാം ദിവസമാണ് അറസ്റ്റ്. സി.പി.ഐയുടെ സംസ്ഥാന കൗൺസിൽ അംഗമായും എ.ഐ.ടി.യു.സിയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ആർ.എസ്.പിയിൽ നിന്നാണ് സി.പി.ഐയിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പഴയ ആര്യനാട് മണ്ഡലത്തിലെ (ഇപ്പോഴത്തെ അരുവിക്കര) ആർ.എസ്.പി സ്ഥാനാർത്ഥിയായിരുന്നു. ആർ.എസ്.പിയുടെ തൊഴിലാളി സംഘടനയായ യു.ടി.യു.സിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. സി.പി.ഐയിലെത്തിയപ്പോൾ തന്റെ പേരിലുണ്ടായിരുന്ന യു.ടി.യു.സിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിക്ക് കൈമാറി. തമ്പാനൂരിലെ ആ ഓഫീസാണ് എ.ഐ.ടി.യു.സിയുടെ ജില്ലാ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്നത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായിരിക്കെയാണ് ദേവസ്വം ബോർഡംഗമായത്.
അകത്തു കിടക്കുന്നത്
3 സി.പി.എം നേതാക്കൾ
ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാർ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്. രണ്ടുവട്ടം ദേവസ്വം കമ്മിഷണറും പിന്നീട് ബോർഡ് പ്രസിഡന്റുമായ എൻ. വാസുവും സി.പി.എമ്മിന്റെ വിശ്വസ്തനാണ്. കൊട്ടാരക്കര പൂവറ്റൂർ സ്വദേശിയായ വാസു 2006-11കാലത്ത് മന്ത്രി പി.കെ.ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഏറെക്കാലം കുളക്കട പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വിജിലൻസ് ട്രൈബ്യൂണൽ അംഗമായിരുന്നു.
എൻ.വിജയകുമാർ സി.പി.എം തിരുവല്ലം ഈസ്റ്റ് ലോക്കൽകമ്മിറ്റിയംഗമാണ്. 2016ൽ ഒരുവർഷക്കാലം സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. അഡി.സെക്രട്ടറിയായി 2017ൽ വിരമിച്ചശേഷം 2018നവംബറിലാണ് ദേവസ്വംബോർഡംഗമായത്.
കൂട്ടുത്തരവാദിത്തം വ്യക്തമായി
ബോർഡ് അംഗങ്ങൾ സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കാൻ പത്മകുമാറിനൊപ്പം ഗൂഢാലോചന നടത്തിയെന്നും രേഖകളിൽ കൃത്രിമം കാട്ടിയെന്നും എസ്.ഐ.ടി കണ്ടെത്തിയതോടെ, ബോർഡിന്റെ കൂട്ടുത്തരവാദിത്തം വ്യക്തമായി. ഇത് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തതോടെയാണ് ബോർഡ് പ്രസിഡന്റും 2അംഗങ്ങളും അറസ്റ്റിലായത്. പാളികളുടെ അടിസ്ഥാനലോഹം ചെമ്പായതിനാൽ അതിലുള്ള സ്വർണം മങ്ങിപ്പോയെന്ന് പറഞ്ഞുനിൽക്കാമെന്ന് പത്മകുമാർ ബോർഡിൽ വിശദീകരിച്ചപ്പോൾ അംഗങ്ങൾ യോജിച്ചെന്നാണ് കണ്ടെത്തൽ. ഇത് ക്രമക്കേടാണെന്നറിഞ്ഞിട്ടും രണ്ട് അംഗങ്ങളും എതിർക്കാതെ കൂട്ടുനിന്നു. എതിർത്തിരുന്നെങ്കിൽ അജൻഡ പാസാവുമായിരുന്നില്ല.
കുരുക്കായി പത്മകുമാറിന്റെ മൊഴിയും
ബോർഡിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും പ്രസിഡന്റിന് മാത്രമായി ഒന്നുംചെയ്യാനാവില്ലെന്നുമുള്ള പത്മകുമാറിന്റെ മൊഴിയും കുരുക്കായി. ബോർഡിൽ ചർച്ചചെയ്ത ശേഷമാണ് പാളികൾ പോറ്റിക്ക് കൊടുത്തത്.
എല്ലാം പത്മകുമാറാണ് ചെയ്തതെന്നും തങ്ങൾക്കൊന്നുമറിയില്ലെന്നുമായിരുന്നു വിജയകുമാറും ശങ്കരദാസും മൊഴിനൽകിയിരുന്നത്. ബോർഡെടുത്ത തീരുമാനത്തിൽ താൻ മാത്രം എങ്ങനെ പ്രതിയായെന്നാണ് പത്മകുമാറിന്റെ വാദം. കൂട്ടുത്തരവാദിത്തമെന്ന് ഹൈക്കോടതി പറഞ്ഞതും ശങ്കരദാസിന് കുരുക്കായി.
സ്വർണപ്പാളികൾ പോറ്റിക്ക് കൊടുത്തുവിടാനുള്ള ബോർഡ് തീരുമാനത്തിൽ ശങ്കരദാസിനും കൂട്ടുത്തരവാദിത്തമുണ്ടെന്ന് എസ്.ഐ.ടി പറയുന്നു. മറ്റ് പ്രതികൾക്ക് അന്യായ ലാഭമുണ്ടാക്കാൻ ക്ഷേത്ര മുതലുകൾ ദുരുപയോഗം ചെയ്തു. രേഖകളിൽ കൃത്രിമം കാട്ടി. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി. പത്മകുമാറിനൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായെന്നും എസ്.ഐ.ടി വ്യക്തമാക്കി.