കൽക്കട്ട ഹൈക്കോടതിയിൽ വാക്പോര്, മമത രേഖകൾ കടത്തിയെന്ന് ഇ.ഡി

Thursday 15 January 2026 12:47 AM IST

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പൊളിറ്റിക്കൽ കൺസൾട്ടന്റായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ-പാക്)​ ഓഫീസിലുണ്ടായ ഇ.ഡി റെയ്ഡ് വിവാദം കനക്കുന്നതിനിടെ കോടതിയിലും നാടകീയ സംഭവങ്ങൾ. ഇന്നലെ കൽക്കട്ട ഹൈക്കോടതിയിൽ തൃണമൂൽ കോൺഗ്രസും ഇ.ഡിയും പരസ്‌പരം വാക്ശരങ്ങളെയ്‌തു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉൾക്കൊള്ളുന്ന ഡേറ്റ ഇ.‌ഡി മോഷ്‌ടിച്ചെന്ന തൃണമൂലിന്റെ ഹ‌ർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. റെയ്ഡിനിടെ രേഖകൾ കടത്തിക്കൊണ്ടുപോയത് തങ്ങളല്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണെന്നും ഇ.ഡി വാദിച്ചു. ഐ-പാകിന്റെ കൊൽക്കത്തയിലെ ഓഫീസിൽ നിന്നോ,​ ഡയറക്‌ടർ പ്രതീക് ജെയിനിൽ നിന്നോ ഒന്നും പിടിച്ചെടുത്തിട്ടില്ല. കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് പരിശോധന നടന്നത്. മമത നേതാക്കൾക്കും പ്രവ‌ർത്തകർക്കുമൊപ്പമെത്തി റെയ്ഡ് തടസപ്പെടുത്തി. ആരോപണവിധേയർ കോടതിയെ സമീപിച്ചിട്ടില്ല. തൃണമൂലുമായി റെയ്ഡിന് ബന്ധമില്ല. അന്വേഷണത്തിൽ ഇടപെട്ടെന്ന കുറ്റമാണ് മമത നടത്തിയിരിക്കുന്നതെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ഇ.ഡി മുഴക്കുന്നത് അസാധാരണ ഭീഷണിയാണെന്ന് തൃണമൂൽ തിരിച്ചടിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയെ കേന്ദ്ര ഏജൻസി ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നത് ഉചിതമല്ലെന്നും വ്യക്തമാക്കി. റെയ്ഡിൽ ഒരു രേഖയും കണ്ടെത്തിയിട്ടില്ലെന്ന് ഇ.ഡി അറിയിച്ചതോടെ തൃണമൂലിന്റെ ഹ‌ർജി ഹൈക്കോടതി തീർപ്പാക്കി. റെയ്ഡിന് തടസംനിന്ന മമതയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഇ.ഡിയുടെ ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

ഇന്ന് സുപ്രീംകോടതിയിൽ

മമതയ്‌ക്കെതിരെ ഇ.ഡി സമ‌ർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതിയിൽ. മമത അന്വേഷണത്തെ തടസപ്പെടുത്തുന്നു. എടുത്തു കൊണ്ടുപോയ രേഖകളും ഇലക്ട്രോണിക് തെളിവുകളും തങ്ങൾക്ക് കൈമാറണം. ബംഗാൾ പൊലീസ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തതും ഹർജിയിൽ ചൂണ്ടിക്കാട്ടി. ബംഗാൾ സർക്കാർ,​ ഡി.ജി.പി രാജീവ് കുമാർ,​ കൊൽക്കത്ത പൊലീസ് കമ്മിഷണർ മനോജ് കുമാർ വെർമ,​ സൗത്ത് കൊൽക്കത്ത ഡെപ്യൂട്ടി കമ്മിഷണർ പ്രിയാബത്ര റോയ് എന്നിവരും എതിർകക്ഷികളാണ്. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര,​ വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.