കൊലക്കേസിൽ ഉത്തരാഖണ്ഡ് സ്വദേശിക്ക് ജീവപര്യന്തം
Thursday 15 January 2026 1:00 AM IST
പറവൂർ: ഭാര്യാ സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തരാഖണ്ഡ് സ്വദേശി പ്രകാശ് സിംഗിനെ (36) പറവൂർ അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. രണ്ട് ലക്ഷം രൂപ പിഴയുമൊടുക്കണം. 2019 മേയ് ഏഴിന് ഉത്തരാഖണ്ഡ് സ്വദേശി രവീന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. പാണിയേലിയിലെ റസ്റ്റോറന്റിൽ ജോലിക്കാരായിരുന്നു ഇരുവരും. ഉടമയിൽ നിന്ന് പ്രകാശ് സിംഗ് കൂടുതൽ പണം വാങ്ങുന്നത് രവീന്ദ്ര സിംഗ് മുടക്കി. ഇതിന്റെ വൈരാഗ്യത്തിൽ വിറക് കഷണത്തിന് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കുറുപ്പംപടി മുൻ എസ്.എച്ച്.ഒ കെ.ആർ. മനോജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്കൂട്ടർ എം.ബി. ഷാജി ഹാജരായി.