പട്ടത്തിന്റെ നൂൽ കുടുങ്ങി ബൈക്ക് യാത്രികൻ മരിച്ചു
ബംഗളൂരു: കർണാടകയിൽ പട്ടത്തിന്റെ നൂല് കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബിദർ ജില്ലയിലെ തലമാഡകി പാലത്തിന് സമീപമുള്ള റോഡിലാണ് അപകടമുണ്ടായത്. സഞ്ജുകുമാർ ഹൊസമനിയാണ് (48) കൊല്ലപ്പെട്ടത്. ബൈക്കിൽ പോകുന്നതിനിടെ പട്ടത്തിന്റെ നൂല് കഴുത്തിൽ ചുറ്റി ആഴത്തിൽ മുറിവേൽക്കുകയായിരുന്നു.
ബൈക്കിൽ നിന്ന് വീണ സഞ്ജുകുമാർ മകളെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും സാദ്ധ്യമായില്ല. രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തെ മറ്റൊരു യാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചത്. തുണി ഉപയോഗിച്ച് രക്തസ്രാവം നിറുത്താൻ ശ്രമിച്ചശേഷം ആംബുലൻസി വിളിച്ചു. ആംബുലൻസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആദ്യമായല്ല ഇത്തരം അപകടമുണ്ടാകുന്നതെന്നും സുരക്ഷയെ ബാധിക്കുന്ന പട്ടംപറത്തലുകൾ അവസാനിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണമാരംഭിച്ചു.
മകരസംക്രാന്തി ദിനത്തിൽ പട്ടം പറത്തുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പാരമ്പര്യത്തിന്റെ ഭാഗമാണ്.
മുമ്പ്, പൊടിച്ച ഗ്ലാസ് കൊണ്ട് പൊതിഞ്ഞ കോട്ടൺ പട്ടം ചരടുകൾ പട്ടം പറത്താൻ ഉപയോഗിച്ചിരുന്നു.
കുറച്ച് വർഷങ്ങളായി പല പ്രദേശങ്ങളിലും നൈലോൺ ചരടുകളായി. ഉറപ്പും കുറഞ്ഞ വിലയും ജനപ്രീതി നേടി. എന്നാൽ ഇത് മുറിഞ്ഞ് ഗുരുതരമായ പരിക്കുകളും മരണങ്ങളും പതിവായി.