മഹാരാഷ്‌ട്ര കോർ. തിരഞ്ഞെടുപ്പ് ഇന്ന്

Thursday 15 January 2026 1:01 AM IST

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ വരെ അലയൊലി സൃഷ്‌ടിച്ചേക്കാവുന്ന മുംബയ് അടക്കം മഹാരാഷ്‌ട്രയിലെ 29 കോർപറേഷനുകളിൽ ഇന്ന് വോട്ടെടുപ്പ്. 227 സീറ്റുകളുള്ള രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബയ് മുനിസിപ്പൽ കോർപ്പറേഷന്റെ നിയന്ത്രണം നേടാൻ കുറഞ്ഞത് 114 സീറ്റുകൾ വേണം. 16നാണ് വോട്ടെണ്ണൽ.

മഹാരാഷ‌്‌ട്ര ഭരിക്കുന്ന മഹായുതി സഖ്യത്തിന്റെ ഭാഗമായ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻ.സി.പിയും കോൺഗ്രസ് നയിക്കുന്ന മഹാവികാസ് അഘാഡിയിലുള്ള എൻ.സി.പിയും(പവാർ) പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപറേഷനിൽ സഖ്യമായി മത്സരിക്കുന്നു. ശിവസേന(ഉദ്ധവ്) മഹാവികാസ് അഘാഡിയിൽ നിന്ന് മാറി രാജ് താക്കറെയുടെ നവനിർമ്മാൺ സേനയുമായി സഖ്യത്തിലാണ്. ബി.ജെ.പി- ശിവസേന(ഷിൻഡെ), കോൺഗ്രസ് പാർട്ടികൾ തമ്മിലുള്ള പോരാട്ടമാണ് മിക്കയിടത്തും.

2017ന് ശേഷമാണ് മുംബയ് കോർപറേഷനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻപ് മുംബയ് കോർപറേഷനിൽ ആധിപത്യം പുലർത്തിയ ശിവസേന ഏക്നാഥ് ഷിൻഡെ-ഉദ്ധവ് താക്കറെ വിഭാഗമായി പിളർന്ന ശേഷം ആദ്യമായി നടക്കുന്ന കോർപറേഷൻ തിരഞ്ഞെടുപ്പുമാണ്. ബി.ജെ.പി-ശിവസേന(ഷിൻഡെ) സഖ്യത്തിനാണ് തിരഞ്ഞെടുപ്പിൽ പൊതുവെ മുൻതൂക്കം.