ജീവനക്കാരനെതിരെ കൈയേറ്റശ്രമം : പ‌ഞ്ചായത്ത് സെക്രട്ടറി പരാതി നൽകി

Thursday 15 January 2026 2:13 AM IST

ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിലെ സീനിയർ ക്ലർക്ക് അനിൽകുമാറിനെ കടയുടമ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. ഇന്നലെ രാവിലെ 11.15ഓടെയാണ് സംഭവം. ബാലരാമപുരത്ത് കൃഷ്‌ണ ഹോം അപ്ലയൻസ് നടത്തുന്ന ബിജുകൃഷ്‌ണനെതിരെയാണ് സെക്രട്ടറി ബാലരാമപുരം പൊലീസിൽ പരാതി നൽകിയത്. സ്ഥാപനത്തിന്റെ ലൈസൻസ് സംബന്ധിച്ച അപേക്ഷയിൽ വിവരങ്ങൾ അപൂർണമായിരുന്നതായി അനിൽകുമാർ അറിയിച്ചതാണ് കടയുടമയെ ചൊടിപ്പിച്ചത്. ഇക്കാരണത്താൽ പഞ്ചായത്ത് അധികൃതർ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. തുടർന്ന് കടയുടമയും ജീവനക്കാരനും തമ്മിൽ കഴിഞ്ഞ ദിവസം പ‌ഞ്ചായത്തിൽ വച്ച് വാക്കേറ്റമുണ്ടായി. പഞ്ചായത്ത് നടപടികളും തടസപ്പെട്ടു. ബിജു കൃഷ്‌ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.