അന്തർ സംസ്ഥാന ബസിൽ എം.ഡി.എം.എ കടത്ത്: യുവാവ് പിടിയിൽ
ആലുവ: അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 69 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. മൂവാറ്റുപുഴ മാർക്കറ്റിന് സജീവം മഠത്തിൽ വീട്ടിൽ ബിലാലി (21) നെയാണ് റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ ആലുവ പറവൂർ കവലയിൽ ബസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് ബസിൽ കയറിയ പ്രതി, ധരിച്ചിരുന്ന ജാക്കറ്റിനകത്ത് പ്രത്യേക അറയിൽ എം.ഡി.എം.എ ഒളിപ്പിച്ചിരിക്കുകയായിരുന്നു. യുവാക്കൾക്കിടയിലായിരുന്നു വിൽപ്പന. മയക്കുമരുന്ന് കേസിൽ ബെംഗളൂരു ജയിലായിരുന്ന പ്രതി അടുത്തിടെയാണ് മോചിതനായത്. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ജി.പി. മനുരാജ്, സബ് ഇൻസ്പെക്ടർ കെ. നന്ദകുമാർ തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.