അൺഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി; ക്രൂ-11 ദൗത്യസംഘം ഭൂമിയിലേക്ക് തിരിച്ചു, ഉച്ചയോടെ നിലംതൊടും

Thursday 15 January 2026 6:50 AM IST

വാഷിംഗ്‌ടൺ: ക്രൂ-11 ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചു. സംഘാംഗത്തിന്റെ ആരോഗ്യപ്രശ്‌നം മൂലം ഭൂമിയിലേക്ക് തിരിക്കുന്നതായി നാസ അഡ്മിനിസ്‌ട്രേറ്റർ ജാരെഡ് ഐസക്മാൻ പറഞ്ഞിരുന്നു. അൺഡോക്കിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ എൻഡവർ പേടകത്തെ സുഗമമായി വേർപ്പെടുത്തി.

ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അൺഡോക്കിംഗ് പ്രക്രിയ. പത്തര മണിക്കൂർ യാത്ര ചെയ്ത് ഇന്ന് ഉച്ചയ്ക്ക് 2.11ഓടെ പേടകം കാലിഫോർണിയ തീരത്ത് സ്‌പ്ലാഷ് ഡൗൺ ചെയ്യും. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും. ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘത്തിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്നത്.

എന്നാൽ ആർക്കാണ് എന്താണ് പ്രശ്‌നമെന്ന് വെളിപ്പെടുത്തിയിട്ടില്ല. മടങ്ങി വരവിനെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചുമതല നാസ കമാൻഡർ മൈക്ക് ഫിൻക് ഒഴിഞ്ഞു. റഷ്യയുടെ റോസ്കോസ്മോസിന്റെ സെർഗെ കുഡ്- സ്‌വേർചോവാണ് പുതിയ സ്റ്റേഷൻ കമാൻഡർ. നാസയു​ടെ ബഹിരാകാശ സഞ്ചാരികളായ സെന കാർഡ്മൻ, മൈക്ക് ഫിൻകെ ജപ്പാൻ ബഹിരകാശ ഏജൻസി ജാക്സയുടെ കിമിയ യൂവി, റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ ഒലേഗ് പ്ലാ​റ്റൊനോവ് എന്നിവരാണ് സംഘത്തിലുള്ളത്.

245 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷമാണ് മടങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നം കാരണം ദൗത്യം താത്കാലികമായി നിറുത്തലാക്കി മടങ്ങുന്നത്. ഇന്ത്യൻ വംശജൻ റോണക് ദാവെയാണ് ഡ്രാഗന്റെ മടക്കയാത്ര നിയന്ത്രിക്കുന്നത്. നാസയുടെ ഹ്യൂസ്റ്റൺ ബഹിരാകാശ കേന്ദ്രത്തിലെ ഫ്ലൈറ്റ് ഡയറക്ടറാണ് റോണക് ദാവെ.

സാധാരണ ഗതിയിൽ ആറ് മാസത്തിലധികം നീളുന്നതാണ് നാസയുടെ ക്രൂ ദൗത്യങ്ങൾ. അടുത്ത സംഘമെത്തി ചുമതലയേറ്റെടുത്ത ശേഷമേ മുൻഗാമികൾ മടങ്ങാറുള്ളൂ. ക്രൂ- 12 ദൗത്യത്തിന്റെ വിക്ഷേപണം നിലവിൽ ഫെബ്രുവരിയിലാണ് തീരുമാനിച്ചിരിക്കുന്നത്. അവരെത്തും മുമ്പേ ക്രൂ-11 മടങ്ങുമ്പോൾ റഷ്യയുടെ സൊയൂസ് എം എസ് 28 ദൗത്യത്തിലൂടെ നവംബറിൽ നിലയത്തിലെത്തിയ മൂന്നംഗ സംഘത്തിനാകും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ സമ്പൂർണ ഉത്തരവാദിത്വം. രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളും ഒരു നാസ പ്രതിനിധിയുമാണ് ഈ സംഘത്തിലുള്ളത്.