യുദ്ധ ഭീതിക്കിടെ​ ഇന്ത്യയുടെ നിർദ്ദേശം: ഇന്ത്യൻ പൗരന്മാർ ഉടൻ ഇറാൻ വിടണം

Thursday 15 January 2026 7:00 AM IST

ടെഹ്‌റാൻ: ഭരണകൂട വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ ഉടൻ മാറണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യു.എസിന്റെ ആക്രമണ സാദ്ധ്യത കൂടി കണക്കിലെടുത്താണ് മുൻകരുതൽ. ഇറാനുമായി നല്ല ബന്ധമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനം. ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം,​ പ്രക്ഷോഭകരെ സഹായിക്കാൻ ഉടൻ ഇടപെടുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കുപിന്നാലെ അതീവ ജാഗ്രതയിലാണ് ഇറാൻ സൈന്യം. ഉന്നത യു.എസ് ഉദ്യോഗസ്ഥരുമായുള്ള നയതന്ത്ര ഇടപെടൽ നിറുത്തിവച്ചു. ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. അമേരിക്കൻ സൈനിക ബേസുകൾ സ്ഥിതി ചെയ്യുന്ന മേഖലയിലെ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.എസ് ഇടപെടലുണ്ടായാൽ ഈ ബേസുകൾ തകർക്കുമെന്നും അറിയിച്ചു. മുൻകരുതലായി ഖത്തറിലെ അൽ ഉദൈദ് അടക്കം മേഖലയിലെ സൈനിക ബേസുകളിൽ നിന്ന് ഉദ്യോഗസ്ഥരെ യു.എസ് ഒഴിപ്പിച്ചുതുടങ്ങി.

ഇറാനിലുള്ളവർക്ക് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ സേവനം സൗജന്യമാക്കി. ജാമറുകൾ ഉപയോഗിച്ച് സൈന്യം ഇത് തടയുന്നുണ്ട്. പ്രക്ഷോഭം പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഭരണകൂടത്തെ തകർച്ചയുടെ വക്കിൽ എത്തിച്ചിട്ടില്ലെന്നും സുരക്ഷാ സേനകൾ പൂർണമായും സർക്കാരിനൊപ്പമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.ഡിസംബറിൽ സാമ്പത്തിക പ്രതിസന്ധിക്കെതിരെ തുടങ്ങിയ പ്രതിഷേധങ്ങൾ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി ആളിക്കത്തുകയായിരുന്നു.

# മരണം 2,600

ഇറാനിൽ ഡിസംബർ 28 മുതൽ കൊല്ലപ്പെട്ടവർ 2,600 കടന്നു. 18,000ലേറെ പേർ അറസ്റ്റിൽ. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇർഫാൻ സുൽത്താനി എന്നയാളെ ഇന്നലെ തൂക്കിലേറ്റുമെന്ന് ഇറാൻ അറിയിച്ചിരുന്നു. ആശയവിനിമയ സംവിധാനങ്ങൾ താറുമാറായതിനാൽ ശിക്ഷ നടപ്പാക്കിയോയെന്ന് വ്യക്തമല്ല.

 പ്രക്ഷോഭകരെ തൂക്കിലേറ്റിയാൽ അതിശക്തമായ നടപടിയുണ്ടാകും.

- ഡൊണാൾഡ് ട്രംപ്,​

പ്രസിഡന്റ്,​ യു.എസ്

ഇന്ത്യക്കാർ ശ്രദ്ധിക്കാൻ

 പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡ്, ഇമിഗ്രേഷൻ/യാത്രാ രേഖകൾ കരുതുക

 സ്ഥിര താമസമുള്ളവർ പ്രക്ഷോഭ മേഖലകളിൽ പോകരുത്

 ടെഹ്റാനിലെ എംബസിയുടെ സഹായം തേടാം. എംബസിയിൽ രജിസ്റ്റർ ചെയ്യാത്തവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക (http://www.meaers.com/request/home).

 സഹായത്തിന്: +989128109115, +989128109109, +989128109102, +989932179359.

#വിദേശകാര്യ മന്ത്രാലയത്തിന്റെ 2025 മാർച്ചിലെ കണക്കുപ്രകാരം ഇറാനിലുള്ള ഇന്ത്യക്കാർ - 10,320