ട്രെയിനിന് മുകളിൽ ക്രെയിൻ വീണ് 31 മരണം

Thursday 15 January 2026 7:00 AM IST

 തായ്ലൻഡിലെ റാറ്റ്ചസിമ പ്രവിശ്യയിൽ

ബാങ്കോക്ക്: തായ്‌ലൻഡിൽ ഭീമൻ ക്രെയിൻ ഓടുന്ന ട്രെയിനിന് മുകളിൽ തകർന്നുവീണ് 31 മരണം. 64 പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം രാവിലെ 9.13ന് നഖോൺ റാറ്റ്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിലാണ് സംഭവം.

ബാങ്കോക്കിൽ നിന്ന് ഉബോൺ റാറ്റ്ചത്താനിയിലേക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ പോവുകയായിരുന്നു ട്രെയിൻ. ഇതിനിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിച്ച ക്രെയിൻ രണ്ടാമത്തെ ബോഗിയിലേക്ക് വീഴുകയായിരുന്നു.

ബോഗി രണ്ടായി പിളർന്നു. ട്രെയിൻ പാളംതെറ്റുകയും തീപിടിക്കുകയും ചെയ്തു. 195 പേരാണ് ട്രെയിനിലുണ്ടായിരുന്നത്. തായ് സർക്കാർ അന്വേഷണം ആരംഭിച്ചു.

നിലവിലെ റെയിൽ ലൈന് മുകളിലൂടെ പുതിയ ലൈൻ നിർമ്മിക്കുന്ന തായ്-ചൈനീസ് അതിവേഗ റെയിൽ പദ്ധതിയുടെ ഭാഗമായിരുന്നു ക്രെയിൻ. ലാവോസ് വഴി തായ്‌ലൻഡിനെയും ചൈനയേയും ബന്ധിപ്പിക്കാനുള്ള പദ്ധതിയാണിത്. രാജ്യത്തെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനികളിൽ ഒന്നായ ഇറ്റാലിയൻ-തായ് ഡെവലപ്മെന്റ് പബ്ലിക് കമ്പനി ലിമിറ്റഡാണ് (ഐ.ടി.ഡി) ക്രെയിൻ നിയന്ത്രിച്ചിരുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് കമ്പനി അറിയിച്ചു.