ആശ്ചര്യം തന്നെ,​ എങ്ങനെ ജീവിച്ചിരിക്കുന്നു...!  ട്രംപിന്റെ ജങ്ക് ഫുഡ് പ്രിയത്തെ പറ്റി ആരോഗ്യ സെക്രട്ടറി

Thursday 15 January 2026 7:00 AM IST

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിചിത്രമായ ഭക്ഷണ രീതികളിൽ ആശ്ചര്യം പ്രകടിപ്പിച്ച് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ. ട്രംപ് മിക്കപ്പോഴും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലാത്ത ഭക്ഷണമാണെന്നും അദ്ദേഹം സ്ഥിരം ഡയറ്റ് കോക്കുകൾ കുടിക്കുമെന്നും കെന്നഡി പറഞ്ഞു.

ട്രംപ് എപ്പോഴും മക്‌ഡൊണാൾഡ്സ് ഭക്ഷണവും മിഠായികളുമാണ് കഴിക്കുന്നതെന്ന് ഒരു പോഡ്കാസ്റ്റിനിടെ കെന്നഡി വ്യക്തമാക്കി. 'നിങ്ങൾ ഒരു ദിവസം ട്രംപിനൊപ്പം യാത്ര ചെയ്യുകയാണെങ്കിൽ, ദിവസം മുഴുവൻ എത്രത്തോളം വിഷമാണ് അദ്ദേഹം കഴിക്കുന്നതെന്ന് മനസിലാകും. അദ്ദേഹം എങ്ങനെയാണ് ജീവിച്ചിരിക്കുന്നതെന്ന് തന്നെ തനിക്ക് അറിയില്ല." - കെന്നഡി കൂട്ടിച്ചേർത്തു.

അതേ സമയം, യാത്രകളിൽ ആയിരിക്കുമ്പോൾ മാത്രമാണ് ജങ്ക് ഫുഡ് കഴിക്കുന്നതെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെന്നും വലിയ കമ്പനികളുടെ ഭക്ഷണത്തെ അദ്ദേഹത്തിന് വിശ്വാസമാണെന്നും കെന്നഡി വ്യക്തമാക്കി. കാര്യമെന്തൊക്കെയാണെങ്കിലും നമ്മൾ കണ്ടിട്ടുള്ളതിൽ ഏറ്റവും ഊർജ്ജസ്വലനായ വ്യക്തിയാകും ട്രംപെന്നും മികച്ച ആരോഗ്യമാണ് അദ്ദേഹത്തിനെന്നും കെന്നഡി ഓർമ്മിപ്പിച്ചു.

79കാരനായ ട്രംപ് ആരോഗ്യവാനാണെന്നും ഹൃദയത്തിന്റെയും മറ്റ് അവയവങ്ങളുടെയും പ്രവർത്തനം മികച്ച രീതിയിലാണെന്നും വൈറ്റ് ഹൗസ് കഴിഞ്ഞ മാസം പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

 നോ ആൽക്കഹോൾ, ഒൺലി ഡയറ്റ് കോക്ക്

ട്രംപിന്റെ ഫാസ്‌റ്റ് ഫുഡ് പ്രിയം അമേരിക്കക്കാർക്ക് മുഴുവൻ അറിയാവുന്നതാണ്. മക്ഡൊണാൾഡ്സ്, പൊട്ടറ്റോ ചിപ്‌സ് തുടങ്ങിയവയാണ് ട്രംപിന്റെ ഇഷ്ട ഭക്ഷണം. ഇവ കൂടാതെ ട്രംപിന് ഇഷ്ടപ്പെട്ട പന്നിയിറച്ചിയും മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തും. കാപ്പി, ചായ, ആൽക്കഹോൾ എന്നിവ ട്രംപിന് ഇഷ്‌ടമല്ലാത്തനിനാൽ ചോക്ലേറ്റ് ഷേക്കും ഡയറ്റ് കോക്കും മെനുവിൽ കാണും.

ദിവസം 12 ഡയറ്റ് കോക്കുകൾ വരെ ട്രംപ് കുടിക്കുമെന്നാണ് കേൾക്കുന്നത്. ട്രംപിന് ഏറ്റവും പ്രിയപ്പെട്ടതാണ് മീറ്റ്ലോഫ്. എല്ലാ വർഷവും ട്രംപിന്റെ ജന്മദിനത്തിൽ സഹോദരിയുടെ വക സ്‌പെഷ്യൽ മീറ്റ്ലോഫ് ഉണ്ടായിരിക്കും. ചെമ്മീൻ, ഞണ്ട് തുടങ്ങിയ കടൽ ആഹാരവും പിസ, ചെറി - വാനില ഐസ്ക്രീം, ചോക്ലേറ്റ് കേക്ക് തുടങ്ങിയവയും ട്രംപിന്റെ ഇഷ്ടവിഭവങ്ങളാണ്.