കൈയിൽ ചരട് കെട്ടിയത് വിലക്കി; പിന്നാലെ കൊടി സുനിയുടെ ഭീഷണി, പരാതിയുമായി ജയിൽ ഉദ്യോഗസ്ഥൻ
Thursday 15 January 2026 7:57 AM IST
മലപ്പുറം: കൈയിൽ ചരടുകെട്ടുന്നത് വിലക്കിയതിന് ഭീഷണിപ്പെടുത്തിയെന്ന ജയിൽ ഉദ്യോഗസ്ഥന്റെ പരാതിയിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പേരിൽ കുറ്റിപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തവനൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് ജിജേഷിന്റെ പരാതിയിലാണ് കേസ്. കൈയിൽ കെട്ടിയ ചരട് അഴിച്ചുമാറ്റണമെന്ന് കഴിഞ്ഞ മാസം ജയിൽ ഉദ്യോഗസ്ഥർ സുനിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് സുനി ചരട് ഊരി പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. വീണ്ടും ചരട് കൈയിൽ കെട്ടിയപ്പോൾ ജോയിന്റ് സൂപ്രണ്ട് ഇടപെട്ടു. ഇതോടെ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ പരാതി നൽകുമെന്നും കുടുംബത്തെയടക്കം കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ പറയുന്നത്.