പ്രതീക്ഷകൾക്ക് മങ്ങലേൽക്കില്ല; പുതുവർഷത്തിൽ ജെൻസികളുടെ ഡേറ്റിംഗ് രീതി മാറുന്നു, അറിയാം ഹാർഡ്‌ബോളിംഗ് ട്രെൻഡ്
ദിനംപ്രതി ഡേറ്റിംഗിൽ വിവിധ ട്രെൻഡുകൾ സോഷ്യൽ മീഡിയയിലടക്കം ജനപ്രിയമാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ വൈറലായിരിക്കുന്ന ഒന്നാണ് ഹാർഡ്‌ബോളിംഗ്. ഒരു ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ പങ്കാളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണ് ഹാർഡ്ബോളിംഗ്. ഒരു ബന്ധം ആരംഭിച്ച് ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കാതെ ആളുകൾ പങ്കാളികളോട് അവരുടെ പ്രതീക്ഷകളും കൂടുതൽ വിവരങ്ങളും പങ്കുവയ്ക്കുന്നതാണിത്.
ഉദാഹരണത്തിന് ഡേറ്റിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുൻപ് തന്നെ ഒരു വ്യക്തിക്ക് പങ്കാളിയാകാൻ പോകുന്നയാളോട് ചില ചോദ്യങ്ങൾ ചോദിക്കാം. ഉദാഹരണത്തിന് നിങ്ങൾക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടോ? നിങ്ങൾ സീരിയസായുള്ള ബന്ധമാണോ പ്രതീക്ഷിക്കുന്നത്?, അതോ ഒഴിവുസമയം ആസ്വദിക്കാനാണോ?, ദീർഘദൂര ബന്ധങ്ങൾക്ക് താൽപര്യമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം തേടാവുന്നതാണ്. പണ്ട് ഇത്തരം ചോദ്യങ്ങളൊക്കെ ബന്ധം ആരംഭിച്ച് ഏറെ താമസിച്ചതിനുശേഷമാണ് പങ്കാളികൾ പരസ്പരം ചോദിക്കാറുള്ളത്. അതിനുശേഷമായിരിക്കും വ്യക്തികൾക്ക് നിരാശയും സങ്കടവും ഉണ്ടാകുന്നത്.
ആ സമയത്താണ് ജെൻസികൾ അവർ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ യാതൊരു മടിയും കൂടാതെ പങ്കാളികളോട് സംസാരിക്കുന്നത്. ഈ രീതി വ്യക്തികൾക്കിടയിലുള്ള അതിസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഒരു ബന്ധം ആരംഭിച്ച് പ്രതീക്ഷിച്ച കാര്യങ്ങൾ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന വിഷമം, നിരാശ, ദേഷ്യം തുടങ്ങിയ വികാരങ്ങൾ ഒഴിവാക്കാൻ ഹാർഡ്‌ബോളിംഗ് സഹായിക്കും. ഇത് ബന്ധങ്ങൾ കൂടുതൽ ദൃഢവും ആരോഗ്യപ്രദവുമാക്കാൻ സഹായിക്കും. ഡേറ്റിംഗ് ആരംഭിക്കുന്നതിന്റെ ആദ്യനാൾ തന്നെ ഇത്തരം പ്രതീക്ഷകൾ ചർച്ച ചെയ്യുന്നത് ചിലർ മോശമായി കരുതിയേക്കാം. എന്നാലിത് ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളെ ഒരുപരിധിവരെ കുറയ്ക്കാൻ സഹായിക്കും.
എതിരെ നിൽക്കുന്ന വ്യക്തിയുടെ ഉദ്ദേശങ്ങൾ മനസിലാകുന്നതോടെ ഒരു വ്യക്തിക്ക് ഡേറ്റിംഗ് തുടരണോ അവസാനിപ്പിക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വിരസതയോ സംശയമോ ഉണ്ടാകില്ല. ഉടനടി തന്നെ ബന്ധങ്ങളിൽ തീരുമാനമെടുക്കാൻ സഹായിക്കും. ഇതിലൂടെ മാസങ്ങളോ വർഷങ്ങളോ നഷ്ടമാകുകയുമില്ല. പ്രതീക്ഷകളോടെ ബന്ധം ആരംഭിക്കുവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സോഷ്യൽ മീഡിയയും മറ്റ് ഡേറ്റിംഗ് ആപ്പുകളും ഹാർഡ്‌ബോളിംഗിനെ പ്രോത്സാഹിപ്പിക്കുകയാണ്.
ആളുകൾ അവരുടെ ഡേറ്റിംഗ് പ്രൊഫൈലുകളിൽ തന്നെ ഡേറ്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി പരാമർശിക്കുന്നുണ്ട്. ഉദാഹരണത്തിന് സീരിയസ് റിലേഷനിൽ താൽപര്യമുണ്ട്, സാധാരണ ഡേറ്റിംഗ് പ്രതീക്ഷിക്കുന്നു, വിവാഹത്തിനുവേണ്ടിയുള്ള തെരച്ചിൽ എന്നീ രീതിയിൽ പ്രൊഫൈലുകൾ സെറ്റ് ചെയ്യുന്നുണ്ട്.
ഗുണങ്ങൾ
- ഒരു വ്യക്തിയെ പരിചയപ്പെടുമ്പോൾ തന്നെ കൂടുതൽ മനസിലാക്കാനും ബന്ധത്തിൽ കൂടുതൽ വ്യക്തത വരുത്താനും ഹാർഡ്‌ബോളിംഗ് സഹായിക്കും.
- സമയം ലാഭിക്കാൻ സഹായിക്കും.
- മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
- അമിത സമ്മർദ്ദം, അമിത പ്രതീക്ഷ, ബ്രേക്കപ്പ് ആംഗ്സെറ്റി എന്നിവ കുറയ്ക്കാൻ സഹായിക്കും.
- വ്യക്തമായ ആശയവിനിമയം.
- വഞ്ചിക്കപ്പെടാനുള്ള സാദ്ധ്യത കുറയ്ക്കാം.
അതേസമയം, ഹാർഡ്‌ബോളിംഗ് ട്രെൻഡിനെ വിമർശിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. ഇത് യഥാർത്ഥ പ്രണയത്തെ നശിപ്പിക്കുമെന്നും ബന്ധങ്ങൾ നേരെ മനസിലാക്കുന്നത് ഗുണം ചെയ്യില്ലെന്നും ചിലർ പറയുന്നു. ഇതിന് ജെൻസികൾ മറുപടിയും നൽകിയിട്ടുണ്ട്. ബന്ധങ്ങളിൽ നിങ്ങളുടെ പ്രതീക്ഷകൾ വ്യക്തമാണെങ്കിൽ പ്രണയം നന്നായി നടക്കും. എന്നാൽ സത്യസന്ധമില്ലായ്മ, തെറ്റായ പ്രതീക്ഷ എന്നിവയാണ് പങ്കാളികൾ വ്യക്തികളിൽ നിരാശ മാത്രമേ ഉണ്ടാക്കുകയുള്ളൂ. ഇക്കാരണങ്ങൾ കൊണ്ടാണ് ഹാർഡ്‌ബോളിംഗ് ജനപ്രിയമായത്.