യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്: വ്യോമപാത അടച്ച് ഇറാൻ, യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇൻഡിഗോയും എയർ ഇന്ത്യയും

Thursday 15 January 2026 11:50 AM IST

ന്യൂഡൽഹി: ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങളും അമേരിക്കയുടെ ആക്രമണ ഭീഷണിയും വർദ്ധിച്ചതിനെത്തുടർന്ന് ഇറാൻ അവരുടെ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്.തുടർന്ന് ഇന്ത്യൻ വിമാന കമ്പനികളുടെ സർവീസിനെയും അത് ബാധിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികളാണ് തങ്ങളുടെ അന്താരാഷ്‌ട്ര സർവീസുകളെ പ്രശ്‌നം ബാധിച്ചതായി അറിയിച്ചത്. വഴി മാറി പോകേണ്ടതിനാൽ ഉണ്ടാകുന്ന താമസത്തെക്കുറിച്ചും ചില യാത്രക്കാർ അതുകാരണം യാത്ര ക്യാൻസൽ ചെയ്യുന്നതിനെക്കുറിച്ചും എയർ‌ ഇന്ത്യ എക്‌സിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

'ഇറാനിൽ ഉയർന്നുവന്നിരിക്കുന്ന സാഹചര്യത്തെ തുടർന്ന് വ്യോമാതിർത്തി അടച്ചതിനാൽ യാത്രക്കാരുടെ സുരക്ഷയെ കരുതി ഈ പ്രദേശത്തിന് മുകളിലൂടെ പറക്കുന്ന എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോൾ ബദൽ റൂട്ടുകൾ ഉപയോഗിക്കുന്നു. ഇത് കാലതാമസത്തിന് ഇടയാക്കിയേക്കാം. നിലവിൽ റൂട്ട് മാറ്റാൻ കഴിയാത്ത ചില വിമാനങ്ങൾ റദ്ദാക്കുന്നു.' എയർ ഇന്ത്യ അറിയിച്ചു. എയർപോർട്ടിലേക്ക് പുറപ്പെടും മുൻപ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണം എന്നും യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷ പരമപ്രധാനമാണെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങളുടെ ചില സർവീസുകളെയും ഇറാനിലെ സാഹചര്യം ബാധിച്ചെന്ന് ഇൻഡിഗോ അറിയിച്ചു. 'യാത്രക്കാരുടെ യാത്രാപ്ളാനിൽ ഈ സംഭവം ഉണ്ടാക്കിയേക്കാവുന്ന തടസ്സങ്ങളിൽ ഞങ്ങൾ ഖേദിക്കുന്നു. ഇത് ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമാണ്. നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് ഫ്ളെക്‌സിബിൾ റീ ബുക്കിംഗിനും റീഫണ്ടിനും ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.സ്‌പൈസ് ജെറ്റും സമാനമായ അറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

അയത്തുള്ള ഖമനേയിക്കെതിരായ പ്രക്ഷോഭം ശക്തമായതോടെ ഇന്ന് രാജ്യത്തെ വ്യോമാതിർത്തി ഇറാൻ അടയ്‌ക്കുകയായിരുന്നു. പുലർച്ചെ ഏഴര വരെയാകും ഇതെന്നായിരുന്നു അറിയിപ്പ്. മുൻപ് ഇസ്രയേൽ ഇറാനെ ആക്രമിച്ച സമയത്തും വ്യോമാതിർത്തി അടച്ചിരുന്നു. 2025 ജൂൺ മാസത്തിലായിരുന്നു ഇത്. പ്രശ്‌നബാധിത മേഖലകളിലെ വ്യോമഗതാഗതത്തെ കുറിച്ച് അറിയിപ്പ് നൽകുന്ന സേഫ്‌എയർ‌സ്‌പേസ് എന്ന വെബ്‌സൈറ്റ് നിരവധി എയർലൈനുകൾ ഇറാനിൽ സർവീസ് റദ്ദാക്കിയെന്ന് അറിയിച്ചു. മാത്രമല്ല മിക്ക വിമാനകമ്പനികളും ഇറാൻ വ്യോമാതിർത്തി ഒഴിവാക്കുകയാണെന്നും വ്യക്തമാക്കുന്നു.

ഇറാനിൽ താമസിക്കുന്ന ഇന്ത്യക്കാരോട് എത്രയും വേഗം രേഖകൾ ശരിയാക്കി രാജ്യം വിടാൻ കഴിഞ്ഞദിവസം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ ഇറാൻ വഴിയുള്ള യാത്ര ഒഴിവാക്കാനും നിർദ്ദേശമുണ്ട്.