അന്തർസംസ്ഥാന ക്ഷേത്രക്കൊള്ള സംഘം പിടിയിൽ; കൈവശമുണ്ടായിരുന്നത് 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ

Thursday 15 January 2026 11:51 AM IST

ഹൈദരാബാദ്: അന്തർസംസ്ഥാന ക്ഷേത്രക്കൊള്ള സംഘത്തിൽ നിന്നും 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ കണ്ടെത്തി ഹൈദരാബാദ് പൊലീസ്. സ്വ‌ർണം, വെള്ളി, ചെമ്പ് ആഭരണങ്ങളാണ് കണ്ടെടുത്തത്. ജനുവരി ആറിന് അർദ്ധരാത്രി ഹൈദരാബാദിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വൻ വിലപിടിപ്പുള്ള വസ്‌തുക്കൾ പിടിച്ചെടുത്തത്.

പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. ക്ഷേത്ര കവാടത്തിലും ചുറ്റുമുള്ള 200ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒരാഴ്‌ച നീണ്ട വിശദമായ അന്വേഷണത്തിനൊടുവിൽ മഹാരാജു മല്ലികാർജുൻ, ഡുന്നപൊതുല പവൻ കല്യാൺ, ദണ്ഡി അനിൽ തേജ, കമ്പാപു വിജയ്, തങ്കില മണികണ്ഠ ദുർഗാ പ്രസാദ് (അഖിൽ) എന്നീ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

26 ലക്ഷം രൂപയുടെ ക്ഷേത്ര ആഭരണങ്ങളും ഒരു പ്രതി ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും അഞ്ച് സ്‌മാർട്ട് ഫോണുകളും അന്വേഷണസംഘം പിടിച്ചെടുത്തു. മുഖ്യപ്രതിയായ നീലപു നീലയ്യ, ഭാഷ്യ വെങ്കട്ട് മോഹിത് എന്നിവർ ഇപ്പോഴും ഒളിവിലാണ്. നീലപുവിനെതിരെ പത്തിലധികം കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.