പാകിസ്ഥാനികളെക്കൊണ്ട് പൊറുതിമുട്ടി യുകെ; ലക്ഷ്യമിടുന്നത് പെൺകുട്ടികളെ, തുരത്താൻ സിഖുക്കാരും രംഗത്ത്
ലണ്ടൻ: 30കാരൻ തടങ്കലിലാക്കുകയും പാകിസ്ഥാനി സംഘം കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത 16കാരിയെ മോചിപ്പിക്കാൻ പ്രതിഷേധ പ്രകടനവുമായി ഒത്തുകൂടി 200 സിഖ് സമുദായാംഗങ്ങൾ. ലണ്ടനിലെ ഹോൻസ്ളോ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മണിക്കൂറുകൾ നീണ്ട പ്രകടനങ്ങൾക്കൊടുവിലാണ് അക്രമികളിൽ ഒരാളെ പൊലീസ് പിടികൂടുകയും പെൺകുട്ടിയെ മോചിപ്പിക്കുകയും ചെയ്തത്. പ്രതിഷേധ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
30കാരനായ യുവാവാണ് പെൺകുട്ടിയെ തടങ്കലിലാക്കി വച്ചിരുന്നത്. പെൺകുട്ടിക്ക് 13 വയസുള്ളപ്പോഴാണ് ഇയാൾ പരിചയത്തിലാവുന്നത്. 16 വയസാകുമ്പോൾ വീടുവിട്ടിറങ്ങാൻ ഇയാൾ കുട്ടിയെ പ്രേരിപ്പിച്ചുവെന്നാണ് സിഖ് പ്രസ് അസോസിയേഷൻ ആരോപിക്കുന്നത്. യുകെയിലെ പാകിസ്ഥാനി സംഘങ്ങൾ പതിറ്റാണ്ടുകളായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികൾ ശക്തമാണ്. 11-16 വയസ് പ്രായമുള്ള പെൺകുട്ടികളെയാണ് ഇവർ ലക്ഷ്യമിടുന്നത്.
പ്രണയം നടിച്ച്, സമ്മാനങ്ങളടക്കം വാഗ്ദാനം ചെയ്താണ് അവരെ ആകർഷിക്കുന്നത്. ദുർബല പശ്ചാത്തലങ്ങളിൽ നിന്നുള്ള മിശ്ര മതക്കാരായ പെൺകുട്ടികളെയാണ് ഇവർ സാധാരണയായി ലക്ഷ്യമിടുന്നത്. തുടർന്ന് അവരെ കുടുംബങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തും. പിന്നാലെ അവരെ ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുന്നു. കൂടാതെ ഇത്തരം സംഘങ്ങൾ പെൺകുട്ടികളെ കടത്തുന്നതായും പരാതിയുണ്ട്.
1997നും 2013നും ഇടയിൽ റോതർഹാമിൽ കുറഞ്ഞത് 1400 കുട്ടികളെയാണ് പാകിസ്ഥാൻ വംശജരായ പുരുഷന്മാർ ദുരുപയോഗം ചെയ്തതെന്നാണ് ഗാർഡിയൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൂടാതെ 2022 ലെ അന്വേഷണത്തിൽ ഇംഗ്ലണ്ടിലും വെയിൽസിലുമുടനീളം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർദ്ധിക്കുകയാണെന്നും കണ്ടെത്തി.