'ദിലീപിനെപ്പോലെ അടുത്ത വീട്ടിലെ പയ്യൻ, യഥാർത്ഥ സുഹൃത്ത് എങ്ങനെയെന്ന് മലയാളിക്ക് കാണിച്ചുകൊടുത്തു'
സനിമാ മേഖലയിലെ പല കാര്യങ്ങളും തുറന്ന് പറയുന്നയാളാണ് സംവിധായകനും നിർമാതാവുമായ ശാന്തിവിള ദിനേശ്. ആത്മാർത്ഥ സുഹൃത്തിനെ വഞ്ചിക്കാത്ത, മറ്റുള്ളവർ വില്ലന്റെ റോളിൽ നിർത്തിയപ്പോഴും നഷ്ടങ്ങൾ സംഭവിച്ചപ്പോഴും ഒപ്പം ചേർത്തു നിർത്തുകയും കൂട്ടുകാരന്റെ കൂടെ നിൽക്കുമെന്ന് ശപഥമെടുത്തയളാണ് നാദിർഷയെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ. നാദിർഷ സംവിധാനം ചെയ്യുന്ന 'മാജിക് മഷ്റൂം' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടൻ ദിലീപുമായുള്ള നാദിർഷയുടെ സൗഹൃദത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം മനസ് തുറന്നത്.
'ആത്മാർത്ഥ സുഹൃത്തിനെ വഞ്ചിക്കാതെ, സ്വന്തം ലാഭനഷ്ടങ്ങൾ നോക്കാതെ, വില്ലൻ വേഷത്തിൽ നിർത്തിയപ്പോൾ പോലും കൂട്ടുകാരനൊപ്പം നിൽക്കുമെന്ന് ശപഥമെടുത്ത വ്യക്തിയാണ് അദ്ദേഹം', ശാന്തിവിള ദിനേശ് വ്യക്തമാക്കി. സിനിമയിൽ അഭിനയിക്കാൻ തനിക്ക് പേടിയാണെന്നും നാദിർഷ നിർബന്ധിച്ചതുകൊണ്ടാണ് മാജിക് മഷ്റൂമിൽ അഭിനയിച്ചതെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.
'ഇപ്പോൾ റോഡിലിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. തട്ടുദോശയും കപ്പലണ്ടിയും തിന്നു നടന്നിരുന്ന ഞാനിപ്പോൾ ഏതാണ്ട് മമ്മൂക്കയുടെ ലെവലിൽ എത്തിയിരിക്കുകയാണ്. ബേസിൽ ജോസഫ് ചിത്രം 'അതിരടി'യിലും അഭിനയിച്ചുകൊണ്ടിരിക്കുന്നു.' അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ നിർമാതാവ് അഷ്‌റഫ് പിലാക്കലിനെ ശാന്തിവിള ദിനേശ് വാനോളം പുകഴ്ത്തി. മുൻപ് ചെയ്ത ഏഴ് സിനിമകൾ പരാജയപ്പെട്ടിട്ടും എട്ടാമത്തെ സിനിമ ചെയ്യാൻ കാണിച്ച ധൈര്യത്തെ അദ്ദേഹം പ്രശംസിച്ചു. ഷൂട്ടിംഗിന് മുൻപേ പത്ത് ദിവസത്തെ ബാറ്റ ജീവനക്കാർക്ക് നൽകുന്ന ഇത്തരമൊരു നിർമാതാവിനെ കാണാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിലെ നായകൻ വിഷ്ണു ഉണ്ണികൃഷ്ണനെ തനിക്ക് വലിയ ഇഷ്ടമാണെന്നും ദിലീപിനെപ്പോലെ അടുത്ത വീട്ടിലെ പയ്യനെപ്പോലെയുള്ള ഒരു തോന്നലാണ് വിഷ്ണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ കരുണാകരനെക്കുറിച്ചുള്ള സിനിമ പ്ലാൻ ചെയ്തപ്പോൾ അതിൽ 'രാജൻ' എന്ന കഥാപാത്രമായി വിഷ്ണുവിനെയായിരുന്നു മനസിൽ കണ്ടിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.