കാമുകിയുടെ 26-ാം ജന്മദിനത്തിന് 26 കിലോമീറ്റർ ഓടി യുവാവ്; വെറൈറ്റി ഗിഫ്റ്റിന് കയ്യടിച്ച് സോഷ്യൽ മീഡിയ
ബംഗളൂരു: കാമുകിയുടെ അല്ലെങ്കിൽ കാമുകന്റെ ജന്മദിനത്തിൽ പൂക്കൾ, ചോക്ലേറ്റ് അല്ലെങ്കിൽ സർപ്രൈസ് ഗിഫ്റ്റുകൾ എല്ലാം കൊടുക്കുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ, ബംഗളൂരു സ്വദേശിയായ യുവാവ് തന്റെ കാമുകിയുടെ 26-ാം ജന്മദിനത്തിൽ നൽകിയ വെറൈറ്റി സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കാമുകിയുടെ 26-ാം പിറന്നാൾ ആഘോഷിക്കാനായി 26 കിലോമീറ്റർ ഓടുന്നതിന്റെ വീഡിയോ ആണ് അവിക് ഭട്ടാചാര്യ എന്ന യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വളരെ വേഗം വൈറലായി. ബന്ധത്തിന്റെ നിലവാരം ഉയർത്തുന്നതാണ് യുവാവിന്റെ പ്രവൃത്തി എന്നാണ് പലരും കമന്റിട്ടിരിക്കുന്നത്. അവിക് ഭട്ടാചാര്യയും കാമുകിയും ചേർന്നുള്ള സംയുക്ത ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സ്വന്തം ജന്മദിനത്തിന് 26 കിലോമീറ്റർ ഓടാൻ ആഗ്രഹിച്ചിരുന്നെങ്കിലും അസുഖം കാരണം അതിന് കഴിഞ്ഞില്ലെന്നാണ് വീഡിയോയുടെ തുടക്കത്തിൽ അവിക് ഭട്ടാചാര്യയുടെ കാമുകിയായ സിമ്രാൻ പറയുന്നത്. ശേഷം കാമുകിയുടെ ആഗ്രഹം അവിക് ഭട്ടാചാര്യ നിറവേറ്റുന്നത് കാണാം. വീഡിയോ റെക്കോർഡ് ചെയ്‌തുകൊണ്ടാണ് അദ്ദേഹം ഓടുന്നത്. കാമുകിയുടെ ആരോഗ്യത്തിനും സ്വന്തം ആരോഗ്യത്തിനും വേണ്ടി അവിക് പ്രാർത്ഥിക്കുന്നുണ്ട്. ആരോഗ്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും അതുണ്ടെങ്കിൽ മറ്റെല്ലാം നേടിയെടുക്കാൻ സാധിക്കുമെന്നും അവിക് ഭട്ടാചാര്യ വീഡിയോയിലൂടെ പറയുന്നു.
അവിക് ഭട്ടാചാര്യയെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിന്തയെ പലരും പുകഴ്‌ത്തി.