അമേരിക്കയിൽ അഞ്ചും ഏഴും വയസുള്ള മക്കളെ കൊലപ്പെടുത്തി അമ്മ; 35കാരിയായ ഇന്ത്യൻ യുവതി അറസ്റ്റിൽ

Thursday 15 January 2026 1:30 PM IST

ന്യൂജഴ്‌സി: സ്വന്തം മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റിൽ. അമേരിക്കയിലെ ന്യൂജഴ്‌സിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഹിൽസ്‌ബറോയിലെ വസതിയിൽ അഞ്ചും ഏഴും പ്രായമുള്ള കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിയദർശിനി നടരാജനെ (35) പൊലീസ് പിടികൂടിയത്.

ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ ഭർത്താവാണ് കുട്ടികളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഷെൽ കോർട്ടിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരും മെഡിക്കൽ ടീമും കുട്ടികളെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ പ്രിയദർശിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി വരികയാണ്. കൊലപാതകം, മാരകായുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.