ചരിത്രത്തിലാദ്യം; രോഗിയായ സഞ്ചാരിയുമായി ക്രൂ 11 പേടകം ഭൂമിയിലെത്തി, കടലിൽ സ്‌പ്ലാഷ് ഡൗൺ ചെയ്‌തു
കാലിഫോർണിയ: ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യപ്രശ്‌നത്തെത്തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങിയ ക്രൂ -11 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് രണ്ടേകാലോടെ കാലിഫോർണിയ തീരത്ത് പേടകം സ്‌പ്ലാഷ് ഡൗൺ ചെയ്‌തു. ചികിത്സ ആവശ്യമുള്ള ഒരു യാത്രികനും മറ്റ് മൂന്ന് അംഗങ്ങളുമാണ് മടങ്ങിയെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നത്തെത്തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി തിരികെ ഭൂമിയിലേക്ക് മടങ്ങേണ്ടിവരുന്നത്.
യുഎസ്, റഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ബഹിരാകാശ യാത്രികരാണ് ക്രൂ -11 ദൗത്യസംഘത്തിലുള്ളത്. സീന കാർഡ്‌മാൻ, മൈക്ക് ഫിൻകെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരാണ് മടങ്ങിയെത്തിയത്. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകത്തിലാണ് ഇവർ മടങ്ങുന്നത്. ഇവർ മടങ്ങിയെത്തിയതോടെ നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യൻ സഞ്ചാരികളും മാത്രമാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്.
ബഹിരാകാശ നിലയത്ത് നിന്ന് പത്തര മണിക്കൂർ സമയമെടുത്താണ് സംഘം ഭൂമിയിലെത്തിയത്. ഓസ്‌ട്രേലിയയ്‌ക്ക് മുകളിൽ വച്ചാണ് നിലയത്തിൽ നിന്ന് പേടകം വേർപെട്ടത്. 2025 ഓഗസ്റ്റിലാണ് ക്രൂ 11 ദൗത്യസംഘം ബഹിരാകാശ നിലയത്തിലെത്തിയത്. 2026 ഫെബ്രുവരി അവസാനം വരെ ബഹിരാകാശത്ത് തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ദൗത്യസംഘത്തിൽ ഒരാൾക്ക് വൈദ്യസഹായം ആവശ്യമായി വന്നതോടെയാണ് മടക്കം നേരത്തേയാക്കിയത്. സ്വകാര്യത മാനിച്ച് ദൗത്യസംഘത്തിൽ ആർക്കാണ് വൈദ്യസഹായം വേണ്ടതെന്നും അസുഖം എന്താണെന്നും നാസ വെളിപ്പെടുത്തിയിട്ടില്ല.