കുട്ടികൾക്ക് സീറ്റില്ല; വിമാനത്തിൽ നിലത്തിരുന്ന് അമ്മയുടെ യാത്ര: എയർലൈൻസിനെതിരെ പ്രതിഷേധവുമായി യുവതി

Thursday 15 January 2026 2:48 PM IST

ന്യൂയോർക്ക്: രണ്ട് കുഞ്ഞുങ്ങളുമായി വിമാനത്തിൽ യാത്ര ചെയ്തപ്പോൾ സീറ്റില്ലാതെ നിലത്തിരിക്കേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് യുവതി. മെലി സ്‌കോഗ്ലണ്ട് എന്ന യാത്രക്കാരിയാണ് ഡെൽറ്റ എയർലൈൻസിനെതിരെ രംഗത്തെത്തിയത്. 12 മണിക്കൂർ നീണ്ട യാത്രയിൽ തനിക്ക് നേരിടേണ്ടി വന്ന അസൗകര്യങ്ങളാണ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

വിമാനത്തിൽ സീറ്റുകൾ പൂർണമായും ബുക്ക് ചെയ്യപ്പെട്ടതിനാൽ അധികം സീറ്റുകൾ ലഭ്യമായിരുന്നില്ല. ഇതോടെ തന്റെ രണ്ട് കുട്ടികൾക്ക് സീറ്റിൽ കിടന്നുറങ്ങാൻ സൗകര്യമൊരുക്കി, സീറ്റുകൾക്കിടയിലുള്ള തറയിൽ കുത്തിയിരുന്നാണ് യുവതി യാത്ര ചെയ്തത്. ഇതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. 'ഡെൽറ്റ എയർലൈൻസിൽ 12 മണിക്കൂർ യാത്ര ചെയ്ത് അമേരിക്കയിലേക്ക് മടങ്ങുകയാണ്. വിമാനം ഫുള്ളായതിനാൽ അധികം സീറ്റുകളില്ല. ഇതാണ് ഞങ്ങളുടെ അവസ്ഥ,' മെലി കുറിച്ചു.

മെലിയുടെ പോസ്റ്റ് പ്രചരിച്ചതിനു പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. ഒപ്പമുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കാതെ സൗകര്യം പ്രതീക്ഷിക്കുന്നത് തെറ്റാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. 'വിമാനം ഫുൾ ആണെന്ന് അറിഞ്ഞിട്ടും എന്തിനാണ് പരാതിപ്പെടുന്നത്?', 'യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച് സീറ്റുകൾ ബുക്ക് ചെയ്യണമായിരുന്നു' എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.

രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് മടിയിലിരുന്ന് യാത്ര ചെയ്യാൻ അനുവാദമുണ്ടെന്നിരിക്കെ, അമ്മയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് മെലിയെ അനുകൂലിക്കുന്നവർ വാദിച്ചത്. വിമാന യാത്രയിൽ മാതാപിതാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എയർലൈൻ കമ്പനികൾ മനസിലാക്കണമെന്നും ഇവർ പറയുന്നു.

വിമാനക്കമ്പനികളുടെ നിയമമനുസരിച്ച് രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ആഭ്യന്തര സർവീസുകളിൽ സൗജന്യമായും, അന്താരാഷ്ട്ര സർവീസുകളിൽ മുതിർന്നവരുടെ ടിക്കറ്റ് നിരക്കിന്റെ പത്ത് ശതമാനം നൽകിയും മാതാപിതാക്കളുടെ മടിയിലിരുന്ന് യാത്ര ചെയ്യാം. എന്നാൽ കുട്ടികൾക്ക് പ്രത്യേക സീറ്റ് വേണമെങ്കിൽ ടിക്കറ്റ് എടുക്കണമെന്നും കമ്പനി വ്യക്തമാക്കുന്നു.

അതേസമയം സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നാണ് സംഭവത്തിൽ ഡെൽറ്റ എയർലൈൻസിന്റെ പ്രതികരണം. വൈറലായ ചിത്രം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെങ്കിലും, യാത്രക്കാർ സുരക്ഷാ കാരണങ്ങളാൽ സീറ്റിലിരുന്ന് ബെൽറ്റ് ധരിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ സീറ്റിൽ നിന്നും മാറരുതെന്നും കമ്പനി ഓർമ്മിപ്പിച്ചു.