ദിവസവും എണ്ണ തേച്ചാണോ കുളിക്കാറുള്ളത്? ഇനിയും ആവർത്തിച്ചാൽ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടായേക്കാം, ശ്രദ്ധിക്കൂ

Thursday 15 January 2026 3:08 PM IST

മുടിയിലെ വരൾച്ച മാറാനും നന്നായി വളരാനുമാണ് എണ്ണ പുരട്ടുന്നത്. പണ്ടുകാലം മുതലേ ആളുകൾ ഈ ശീലം പിന്തുടരുന്നുണ്ട്. ഇതിനായി ആയുർവേദ കൂട്ടുകളിട്ട കാച്ചിയ എണ്ണകൾ ഉൾപ്പെടെ പലരും ഉപയോഗിക്കുന്നു. പണ്ടുകാലത്ത് ഇത് ഏറെ ഫലം തന്നിരുന്നെങ്കിലും ഇപ്പോൾ ദിവസേന എണ്ണ പുരട്ടുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. കാരണം പണ്ടുള്ളവർ നല്ല ശുദ്ധമായ വെള്ളത്തിലാണ് കുളിച്ചിരുന്നത്. ഇന്നത് ക്ലോറിൻ ഉൾപ്പെടെ അടങ്ങിയ പൈപ്പ് വെള്ളമായി. പണ്ട് താളി ഉപയോഗിച്ചിരുന്നെങ്കിൽ ഇന്നതിന് പകരം ഷാംപൂ ആണ് ഉപയോഗിക്കുന്നത്.

മാത്രമല്ല, അന്തരീക്ഷ മലിനീകരണം ഇന്ന് വളരെ കൂടുതലാണ്. അതിനാൽ മുടിയിൽ എണ്ണ പുരട്ടി കുളിച്ച ശേഷം പുറത്തേക്ക് പോകുമ്പോൾ പൊടിയും അഴുക്കുമെല്ലാം പെട്ടെന്ന് പറ്റിപ്പിടിക്കുന്നു. ഇത് താരനും ചൊറിച്ചിലും വരാനുള്ള പ്രധാന കാരണമാണ്. അതിനാൽ ദിവസവും പുറത്തേക്ക് പോകുന്നവർ ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം എണ്ണ പുരട്ടി കുളിക്കുക. ഷാംപൂവിന് പകരം ചെമ്പരത്തിത്താളി, പയറുപൊടി തുടങ്ങിയവ ഉപയോഗിക്കുക.

എണ്ണ പുരട്ടുമ്പോൾ നന്നായി മസാജ് ചെയ്യാൻ മറക്കരുത്. മുടി വളർച്ച വേഗത്തിലാക്കാൻ ഇത് നിങ്ങളെ സഹായിക്കും. അതുപോലെ മുടി എപ്പോഴും നല്ല വൃത്തിയായി സൂക്ഷിക്കുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് നന്നായി ചീകി കെട്ടിവയ്‌ക്കണം. അതുപോലെ മുടി അധികം വെയിൽ കൊള്ളാനും പാടില്ല. ഇത് പെട്ടെന്ന് പൊട്ടിപ്പോകുന്നതിന് കാരണമാകും.