സ്‌കൂൾ യൂണിഫോം ധരിച്ചവർ ഓടിച്ച കാർ, എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം, പിന്നാലെ അമിതവേഗത്തിൽ രക്ഷപ്പെട്ടു

Thursday 15 January 2026 3:10 PM IST

മലപ്പുറം: വാഹനപരിശോധനയ്‌ക്ക് കാർ‌ നിർത്താൻ ആവശ്യപ്പെട്ട മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം. തിരൂർ പറവണ്ണയിലായിരുന്നു സംഭവം. മോഡിഫൈ ചെയ്‌ത കാറിൽ സഞ്ചരിച്ചിരുന്നവരാണ് സംഭവത്തിന് പിന്നിൽ. അമിതവേഗത്തിലെത്തിയ കാറിൽ സ്‌കൂൾ യൂണിഫോം ധരിച്ച വിദ്യാർത്ഥികളായിരുന്നു എന്നാണ് സൂചന. ആദ്യം വാഹനം കണ്ട തിരുനാവായയിൽ വച്ച് വാഹനപരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈകാണിച്ചു. എന്നാൽ അമിതവേഗത്തിൽ നിർത്താതെ കാർ പാഞ്ഞുപോയി.

കൊടക്കല്ല് ഭാഗത്ത് കാർ പാഞ്ഞെത്തിയതോടെ എംവിഡി ഉദ്യോഗസ്ഥർ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ കാർ നിർത്തിയില്ല. പിന്നീട് പറവണ്ണ ഭാഗത്തെത്തിയപ്പോൾ വാഹനം അവിടെ നിർത്തിയിട്ടിരിക്കുന്നത് എംവിഡി കണ്ടു. തുടർന്ന് ജീപ്പ് നിർത്തി ഉദ്യോഗസ്ഥൻ കാറിനടുത്തേക്ക് എത്തുന്നതിനിടെയാണ് അമിതവേഗത്തിൽ കാറുമായി കടക്കാൻ ശ്രമിച്ചത്. ഇതിനിടെ ഉദ്യോഗസ്ഥനെ ഇടിക്കാനും തുനിയുകയായിരുന്നു.

ഇരിട്ടി രജിസ്‌ട്രേഷനിലുള്ള വാഹനം മോഡിഫൈ ചെയ്‌തിട്ടുണ്ടെന്നും ഇതിന്റെ രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതായും എംവിഡി കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.