75 രാജ്യങ്ങളിലുള്ളവർക്ക് വിസയില്ല; താൽക്കാലികമായി തടഞ്ഞ് അമേരിക്ക, ഏഷ്യയ്ക്കും തിരിച്ചടി

Thursday 15 January 2026 3:15 PM IST

വാഷി‌ംഗ്‌ടൺ: 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ (ഇമിഗ്രന്റ്) വിസകളുടെ പ്രോസസിംഗ് അനിശ്ചിതകാലത്തേക്ക് അമേരിക്കൻ ഭരണകൂടം നിർത്തിവച്ചു. ജനുവരി 21 മുതലാകും തീരുമാനം പ്രാബല്യത്തിൽ വരുന്നത്. അമേരിക്കയിലേക്കുള്ള നിയമപരമായ കുടിയേറ്റ പ്രവേശന പാതകൾ നിയന്ത്രിക്കുന്നതിനായി ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന ഏറ്റവും വിപുലമായ ശ്രമങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ് മേഖലകളിലെ രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, സൊമാലിയ, റഷ്യ, ഇറാൻ, അഫ്‌ഗാനിസ്ഥാൻ, ബ്രസീൽ, നൈജീരിയ, തായ്‌ലാൻഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. യുഎസിൽ സ്ഥിരതാമസത്തിനും ജോലിചെയ്യുന്നതിനുമായ അപേക്ഷിക്കുന്നവർക്കാണ് നിയന്ത്രണം ബാധകമാകുന്നത്. ടൂറിസ്റ്റ്, ബിസിനസ്, താൽക്കാലിക ജോലി വിസകൾക്ക് ഇത് ബാധകമല്ല. വിദേശികൾക്ക് കർശന പരിശോധനാ നടപടികൾ കഴിഞ്ഞ ഒരു വർഷമായി ട്രംപ് ഭരണകൂടം ശക്തമാക്കിയിരുന്നു. ദേശീയതയുടെ അടിസ്ഥാനത്തിൽ കുടിയേറ്റ വിസകൾ നിർത്തിവയ്‌ക്കാൻ നിലവിലെ നിയമ അധികാരം ഉപയോഗിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപാർട്‌മെന്റ് അറിയിച്ചു.

'അമേരിക്കൻ ജനങ്ങളുടെ സമ്പത്ത് ചൂഷണം ചെയ്യുന്നതരത്തിലുള്ള കുടിയേറ്റ സംവിധാനത്തിന്റെ ദുരുപയോഗം അവസാനിപ്പിക്കുകയാണ് ലക്ഷ്യം'- സ്‌റ്റേറ്റ് ഡിപാർട്‌മെന്റിന്റെ വക്താവ് ടോമി പിഗോട്ട് പറഞ്ഞു. നടപടി എന്നുവരെ നിലനിൽക്കും എന്നതിനുള്ള സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല. കുടുംബ അധിഷ്‌ടിത കുടിയേറ്റത്തെയാകും നടപടി കൂടുതലായും ബാധിക്കുന്നത്. യുഎസ് ഭർത്താക്കന്മാരുടെ ഭാര്യാഭർത്താക്കന്മാർ, മക്കൾ, അടുത്ത ബന്ധുക്കൾ എന്നിവരെയാണ് പ്രധാനമായും ബാധിക്കുന്നത്.

ഇതിനിടെ സർക്കാർ ആനുകൂല്യങ്ങൾ കുടിയേറ്റക്കാർ ദുരുപയോഗം ചെയ്യുന്നതായുള്ള ട്രംപിന്റെ വാദത്തെ തള്ളിക്കളയുന്ന പഠനറിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം പതിനായിരത്തിലധികം വിസകൾ റദ്ദാക്കിയതായി സ്‌റ്റേറ്റ് ഡിപാർട്‌മെന്റ് അറിയിച്ചു. കഴിഞ്ഞ മാസം മാത്രം 6.05 ലക്ഷം പേരെ നാടുകടത്തിയതായും 25 ലക്ഷം പേർ സ്വമേധയാ രാജ്യം വിട്ടതായും ഹോംലാ‌ൻഡ് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കി.