പാകിസ്ഥാനെ വിറപ്പിച്ച വജ്രായുധം; ഫ്രാൻസുമായി 3.25 ലക്ഷം കോടിയുടെ ബ്രഹ്മാണ്ഡ ഡീലിനൊരുങ്ങി ഇന്ത്യ

Thursday 15 January 2026 3:48 PM IST

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിപ്പിക്കാൻ ലക്ഷ്യമിട്ട് ഫ്രാൻസുമായി വമ്പൻ പ്രതിരോധ കരാറിലേക്ക് ഇന്ത്യ. ഏകദേശം 3.25 ലക്ഷം കോടി രൂപ വിലമതിക്കുന്ന പുതിയ റാഫേൽ കരാർ, ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നായിരിക്കും.

പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള ഇന്ത്യയുടെ സമീപകാല സൈനിക നീക്കങ്ങളിൽ റാഫേൽ ജെറ്റുകൾ നിർണായക പങ്ക് വഹിച്ചിരുന്നു. നിലവിൽ വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കാൻ രണ്ട് പ്രധാന ഘട്ടങ്ങളിലായാണ് കരാർ വിഭാവനം ചെയ്യുന്നത്.

ഏറ്റവും പുതിയ എഫ് 4 ശ്രേണിയിൽപ്പെട്ട 90 റാഫേൽ ജെറ്റുകളാണ് ഇന്ത്യ വാങ്ങുക. കൂടാതെ, നിലവിൽ സേനയുടെ പക്കലുള്ള 36 റാഫേൽ വിമാനങ്ങളെ എഫ് 4 നിലവാരത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഒന്നാം ഘട്ടത്തിൽ വ്യവസ്ഥയുണ്ട്. 24 അത്യാധുനിക റാഫേൽ എഫ് 5 വിമാനങ്ങളാണ് രണ്ടാം ഘട്ടത്തിൽ സേനയുടെ ഭാഗമാവുക. ഫ്രഞ്ച് കമ്പനിയായ ഡസ്സോൾട്ട് ഏവിയേഷനാകും ഇവ നിർമ്മിച്ചു നൽകുന്നത്.

കരാർ പുരോഗമിക്കുമ്പോഴും റാഫേൽ എഫ് 5 പതിപ്പുമായി ബന്ധപ്പെട്ട് ചില സാങ്കേതിക ചർച്ചകൾ ഇന്ത്യയും ഫ്രാൻസും തമ്മിൽ തുടരുന്നുണ്ട്. നിലവിൽ വാങ്ങുന്ന എഫ് 4 വിമാനങ്ങൾ ഭാവിയിൽ സ്വതന്ത്രമായി എഫ് 5 നിലവാരത്തിലേക്ക് ഉയർത്താൻ ഇന്ത്യയ്ക്ക് അനുമതി ലഭിക്കുമോ എന്നതാണ് പ്രധാന ചർച്ചാവിഷയം. പഴയ എഫ് 3 വിമാനങ്ങളുടെ കാര്യത്തിലും ഇതേ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

ഫെബ്രുവരി 16 മുതൽ 20 വരെ ഇന്ത്യയിൽ നടക്കുന്ന 'എഐ ഇംപാക്ട്' ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എത്തും. ഈ സന്ദർശന വേളയിൽ റാഫേൽ കരാറിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. 36 ബില്യൺ ഡോളറിന്റെ ഇടപാട് ഫ്രാൻസിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽപോലും വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമായ ഒന്നാണ്. അതിർത്തിയിലെ വെല്ലുവിളികൾ നേരിടുന്നതിനും ഏഷ്യൻ മേഖലയിൽ വ്യോമ മേധാവിത്വം ഉറപ്പിക്കുന്നതിനും 'റാഫേൽ ഡീൽ' ഇന്ത്യയ്ക്ക് അനിവാര്യമാണ്.