മമതാ ബാനർജിക്ക്‌ തിരിച്ചടി, ഇഡിക്കെതിരെയെടുത്ത കേസിന് സുപ്രീംകോടതിയുടെ സ്റ്റേ, സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഏജൻസി

Thursday 15 January 2026 4:19 PM IST

ന്യൂഡൽഹി: ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ-പാക്) ഓഫീസിലുണ്ടായ ഇഡി റെയ്‌ഡിനെ തുടർന്നുള്ള നിയമ പോരാട്ടത്തിൽ മമതാ ബാനർജി സർക്കാരിന് വൻ തിരിച്ചടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർക്ക് എതിരെ കൊൽക്കത്ത പൊലീസ് എടുത്ത കേസ് സുപ്രീം കോടതി മരവിപ്പിച്ചു.മമതയുടെ തൃണമൂൽ കോൺഗ്രസിന്റെ പൊളിറ്റിക്കൽ കൺസൾട്ടന്റാണ് ഐ-പാക്ക്.

ബംഗാൾ ഡിജിപി രാജീവ് കുമാർ, കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് കുമാർ വെർമ്മ എന്നിവരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആഭ്യന്തര മന്ത്രാലയം, കേന്ദ്ര പഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ്, മമതാ ബാനർജി, ബംഗാൾ സർക്കാർ എന്നിവരിൽ നിന്നും കേസ് പരിഗണിച്ച ജസ്‌റ്റിസ് പ്രശാന്ത് മിശ്ര, ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ച് മറുപടി തേടി. പ്രശ്‌നത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലും കോടതി മറുപടി തേടിയിട്ടുണ്ട്.

പ്രഥമദൃഷ്‌ട്യാ ഇഡിയുടെ ഹർജിയിൽ ഗൗരവകരമായ കാര്യങ്ങളുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാന ഏജൻസികളുടെ ഇടപെടലും അന്വേഷണവും ഗൗരവകരമാണെന്നാണ് കോടതി പറഞ്ഞത്. 'ഇവിടെ ഉയർന്നുവരുന്ന വലിയ ചോദ്യങ്ങളുണ്ട്. അതിന് ഉത്തരം ലഭിച്ചില്ലെങ്കിൽ അത് നിയമരാഹിത്യത്തിലേക്ക് നയിച്ചേക്കും. ഗുരുതരമായ ഒരു കുറ്റകൃത്യം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുമ്പോൾ പാർട്ടി പ്രവർത്തനം വഴി അവ തടസപ്പെടുത്താമോ?'കോടതി ചോദിച്ചു. കേസിൽ വാദം കേൾക്കലിനിടെ കൊൽക്കത്ത ഹൈക്കോടതിയിലുണ്ടായ അരാജകത്വത്തിൽ വളരെ അസ്വസ്ഥതയുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു.

ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃണമൂൽ കോൺഗ്രസ് 20 കോടിരൂപ കള്ളപ്പണം ഗോവയിൽ എത്തിച്ചതായും ആറ് പേർ‌ വഴി കൈമറിഞ്ഞാണ് പണം എത്തിയതെന്നും ഇഡി പറയുന്നു. ഈ കേസിൽ ഐ-പാക് സ്ഥാപകൻ പ്രതീക് ജെയ്നിന്റെ പങ്കാണ് ഇഡി അന്വേഷിക്കുന്നത്. ഇതിനായി ഐ- പാക്ക് ഓഫീസ് റെയ്‌ഡ് ചെയ്‌തു. അന്വേഷണത്തെ മമതാ ബാനർജി നേരിട്ട് തടസപ്പെടുത്തുന്നുവെന്നും ഇഡി ആരോപിക്കുന്നുണ്ട്. കേസിന്റെ തുടർവാദം ഇനി ഫെബ്രുവരി മൂന്നിനാകും ഉണ്ടാകുക.