മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം; ഒരു മാസം വരെ കേടുകൂടാതിരിക്കും, ഒരുഗ്രൻ വിഭവം
Thursday 15 January 2026 5:02 PM IST
ഓരോ നാടിനും തനതായ ചില പലഹാരങ്ങളുണ്ട്. പാലക്കാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട ഒരു നാലു മണിപ്പലഹാരമാണ് മനോഹരം. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഈ പലഹാരം ഒരു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.
ചേരുവകൾ
1/2 കപ്പ് ചെറുപയർ 1/4 കപ്പ് പച്ച അരി 1/2 കപ്പ് അരിഞ്ഞ തേങ്ങ 1/2 കപ്പ് ശർക്കര 1/4 കപ്പ് വെള്ളം 1/2 ടീസ്‌പൂൺ ഏലയ്ക്കാപ്പൊടി 1/2 ടീസ്‌പൂൺ ഉണക്കിയ ഇഞ്ചിപ്പൊടി 1/4 കപ്പ് പഞ്ചസാര
തയ്യാറാക്കേണ്ട വിധം
- പയറും അരിയും നന്നായി കഴുകിമൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. വെള്ളം ചേർക്കാതെ പേസ്‌റ്റ് രൂപത്തിൽ അരച്ചെടുക്കുക. ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം. ഇനി ഒരു കടായിയിൽ എണ്ണ ചൂടാക്കി കണ്ണാപ്പ ഉപയോഗിച്ച് മാവ് എണ്ണയിലേക്ക് ഒഴിക്കണം. ചെറിയ തീയിൽ സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. തീയിൽ നിന്ന് മാറ്റി മാവ് മുഴുവൻ വേവുന്നത് വരെ വഴറ്റുക. ഇതോടെ മനോഹരത്തിനുള്ള ബൂന്ദി തയ്യാറായിക്കഴിഞ്ഞു. ശേഷം ഇത് മാറ്റിവയ്‌ക്കാം.
- ബൂന്ദി വറുത്തെടുത്ത അതേ എണ്ണയിൽ തേങ്ങ ചെറിയ കഷ്‌ണങ്ങളാക്കി വറുത്തെടുക്കാം.നെയ്യ് ഇഷ്‌ടമുള്ളവർക്ക് അതുപയോഗിക്കാം.
- മറ്റൊരു പാനിൽ, ശർക്കരപ്പൊടി, ഏലയ്ക്കാപ്പൊടി, ഉണക്ക ഇഞ്ചിപ്പൊടി, വെള്ളം എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കാം. ശർക്കര അരിച്ചെടുക്കേണ്ടതുണ്ടെങ്കിൽ അങ്ങനെയെടുക്കാം.
- ശർക്കര പാനി കുറുകി വരുമ്പോൾ അതിലേക്ക് വറുത്ത ബൂന്ദിയും തേങ്ങയും ചേർത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത് തീയിൽ നിന്ന് മാറ്റി നന്നായി ഇളക്കുക. 10 മിനിറ്റിനു ശേഷം അല്പം പഞ്ചസാര വിതറി വീണ്ടും ഇളക്കുക. ഇതോടെ രുചികരമായ മനോഹരം തയ്യാറായിക്കഴിഞ്ഞു.