വിഷ്‌ണുവല്ല ഇവിടെ പള്ളികൊള്ളുന്നത് പരമശിവൻ, കാവലായി സകല ദേവന്മാരും, വിചിത്രമായ ഈ ക്ഷേത്രം കാണേണ്ട കാഴ്‌ചയാണ്

Thursday 15 January 2026 5:44 PM IST

പാലാഴിയിൽ പള്ളികൊള്ളുന്ന മഹാവിഷ്‌ണു ദേവന്റെ പ്രതിഷ്‌ഠയുള്ള നിരവധി ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, കന്യാകുമാരിയിലെ തിരുവട്ടാർ ആദികേശവപെരുമാൾ ക്ഷേത്രം, തമിഴ്‌നാട്ടിലെ തന്നെ ശ്രീരംഗത്തുള്ള രംഗനാഥസ്വാമി ക്ഷേത്രം, കുംഭകോണത്തുള്ള ശാരങ്‌ഗപാണി ക്ഷേത്രം, മധുരയിലെ കൂടൽ അഴഗർ ക്ഷേത്രം, മദ്ധ്യപ്രദേശിലെ ദശാവതാര ക്ഷേത്രം എന്നിങ്ങനെ പല ക്ഷേത്രങ്ങൾ ഇത്തരത്തിൽ പ്രശസ്തമാണ്. എന്നാൽ പള്ളികൊള്ളുന്ന പരമശിവന്റെ പ്രതിഷ്‌ഠയുള്ള ക്ഷേത്രവും ഇന്ത്യയിലുണ്ട്. പാലാഴി മഥനത്തിൽ ഉയർന്നുവന്ന ഹാലാഹലം എന്ന കൊടുംവിഷം കുടിച്ചതിന്റെ തള‌ർച്ചയിൽ പാർവതീദേവിയുടെ മടിയിൽ തലചായ്‌ച്ച പരമശിവന്റെ സങ്കൽപത്തിലാണ് ഈ പ്രതിഷ്‌ഠ.

ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ സുരട്ടുപള്ളിയിലാണ് ശിവന്റെ ഈ പ്രതിഷ്‌ഠയുള്ള പള്ളികൊണ്ടേശ്വര ക്ഷേത്രം. തമിഴ്‌നാട്-ആന്ധ്ര അതിർത്തിയിൽ ഊറ്റുകോട്ട എന്ന സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റർ പോയാൽ ഇവിടെത്താം. പാലാഴിമഥന സമയത്തെ വിഷം പാനം ചെയ്‌ത ശിവന്റെ കണ്‌ഠത്തിൽ ദേവി അമർത്തി.ഈ സമയം മയങ്ങിപ്പോയ ദേവനെ സ്‌തുതിച്ച് ദേവന്മാർ ചുറ്റിനും കാവലായി നിന്നു. ദേവന്മാർ അഥവാ സുരന്മാർ കാവൽ നിന്നയിടമാണ് സുരർപള്ളി അഥവാ സുരട്ടുപള്ളി എന്ന് അറിയപ്പെട്ടത്.

ദേവൻ ആദ്യമായി പ്രദോഷനൃത്തമാടിയതും ഇവിടെയാണ്. പ്രദോഷ പൂജ മഹാദേവന് ചെയ്‌ത് തുടങ്ങിയതും ഇവിടെത്തന്നെ. അതിനാൽ പ്രദോഷ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. രാമായണകാരകനായ വാൽമീകി മഹർഷി പൂജിച്ചിരുന്ന സ്വയംഭൂ ലിംഗ വിഗ്രഹവും ഇവിടെ പ്രത്യേകം പ്രതിഷ്‌‌ഠിച്ചിട്ടുണ്ട്. രാവണ നിഗ്രഹത്തിന് ശേഷം രാമൻ സ്ഥാപിച്ച രാമലിംഗേശ്വരനായ ഭഗവാന്റെ പ്രതിഷ്‌ഠയുമുണ്ട്. വള‌ർന്നുകൊണ്ടിരിക്കുന്ന സാളഗ്രാമ ഗണപതി, മരതാംബിക എന്നറിയപ്പെടുന്ന പാർവ്വതി ദേവി എന്നീ പ്രതിഷ്‌ഠകളുമുണ്ട്.

ചെന്നൈ-തിരുപ്പതി ഹൈവേയിൽ ഊറ്റുകോട്ടയിലാണ് ക്ഷേത്രമുള്ളത്. ട്രെയിനിൽ തിരുവള്ളൂർ സ്റ്റേഷനിലെത്തി ഇവിടേക്ക് ബസ് കയറണം. രോഗശമനം, വിഷഭയ ശമനം, മോക്ഷം എന്നിവയ്‌ക്ക് ഈ ക്ഷേത്ര ദർശനം ഉത്തമമാണ് എന്ന് ആചാര്യന്മാർ വ്യക്തമാക്കുന്നുണ്ട്.