പുഞ്ചക്കൃഷി വിളവെടുപ്പ് തുടങ്ങി, ആശങ്കയും 

Friday 16 January 2026 12:20 AM IST

കോട്ടയം : ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ പുഞ്ച കൃഷി വിളവെടുപ്പിന് തുടക്കമായി. കല്ലറ, ചെമ്പ് മേഖലകളിലാണ് കൊയ്ത്ത് ആരംഭിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അനുകൂല കാലാവസ്ഥയാണ്. ഈ വർഷം ഏകദേശം 30000 ഏക്കറിലാണ് കൃഷി. കൊയ്ത്ത് ആരംഭിച്ച പാടങ്ങളിൽ മുൻവർഷത്തേതിന് സമാനമാണ് വിളവെന്ന് ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ പറഞ്ഞു. ഇത്തവണ കാര്യമായ നഷ്ടം മഴ മൂലം ഉണ്ടായില്ല. മുൻകാലങ്ങളിൽ നവംബർ, ഡിസംബർ മാസങ്ങളിൽ മഴയിൽ കിളിർത്ത നെല്ല് നശിച്ചിരുന്നു. യൂറിയാ ക്ഷാമമാണ് കർഷകരെ ഇക്കുറി ബുദ്ധിമുട്ടിച്ചത്. രാസവള വില വർദ്ധനയും തിരിച്ചടിയായതായി കർഷകർ പറയുന്നു.

സംഭരണം വൈകരുത്

ഫെബ്രുവരി പകുതിയോടെ കൊയ്ത്ത് സജീവമാകും. ഇതോടെ സംഭരണ പ്രശ്‌നങ്ങളും ആരംഭിക്കും. സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും മുന്നൊരുക്കങ്ങളായില്ല. മുൻ വർഷങ്ങളിൽ സംഭരണ പ്രതിസന്ധി രൂക്ഷമായിരുന്നു. താപനില ശക്തമാകുന്നത് വരൾച്ച ഭീഷണിയ്ക്ക് സാദ്ധ്യതയൊരുക്കുന്നു. ജലനിരപ്പ് താഴുന്നത്, ഉപ്പുവെള്ള ഭീഷണിയും ഉയർത്തും.

''മുൻ വർഷങ്ങളിലെ വിവിധ പ്രതിസന്ധി മൂലം, ഇത്തവണ കൃഷിയിറക്കിയ കർഷകരുടെ എണ്ണം കുറഞ്ഞു. തൊഴിലാളി ക്ഷാമവും നേരിട്ടു. വിരിപ്പുകൃഷിയുടെ കൊയ്ത്ത് പൂർണമായെങ്കിലും സംഭരണ തുക പൂർണമായി നൽകിയിട്ടില്ല.

(കർഷകർ)