ഐ.ടി മേഖലയിലെ പിരിച്ചുവിടൽ
ഇന്ത്യയിലെ ഐ.ടി കമ്പനികൾ ലാഭം ഇടിഞ്ഞതിന്റെയും എ.ഐ സാദ്ധ്യതകളുടെയും പശ്ചാത്തലത്തിൽ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നത് യുവാക്കളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യത്തെ ഐ.ടി മേഖലയിലെ ആയിരക്കണക്കിന് ജീവനക്കാർ കൂട്ട പിരിച്ചുവിടൽ ഭീഷണിയിലാണ്. 2025-ലെ അവസാന ആറുമാസം ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) പതിനയ്യായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പുതുവർഷത്തിലും കമ്പനി ഇതേ രീതി തുടരുമെന്നാണ് ഐ.ടി വിദഗ്ദ്ധർ പറയുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസ കാലയളവിൽ ടി.സി.എസിന്റെ അറ്റാദായം 13.9 ശതമാനം കുറഞ്ഞ് 1,657 കോടി രൂപയാവുകയും ചെയ്തു.
രാജ്യത്തെ മുൻനിര ഐ.ടി കമ്പനികൾക്കെല്ലാം ലാഭത്തിൽ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ സാമ്പത്തിക അനിശ്ചിതത്വമാണ് പ്രധാനമായും ഇതിനിടയാക്കുന്നത്. അതോടൊപ്പം നിർമ്മിതബുദ്ധിയുടെ വരവോടെ കമ്പനിയിൽ പുനഃസംഘടന വരുത്താനുള്ള തീരുമാനവും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഇടയാക്കി. എ.ഐ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഭൂരിപക്ഷം കമ്പനികളും അധിക തുക ചെലവഴിക്കുന്നതും കമ്പനികളുടെ ലാഭത്തിൽ ഇടിവ് വരുത്താൻ ഇടയാക്കിയിട്ടുണ്ട്. ആഴ്ചയിൽ അഞ്ചുദിവസം നിർബന്ധമായും ഓഫീസ് അറ്റൻഡൻസ് വേണമെന്ന നിയമം കർശനമാക്കിയതോടെ ഒരു ചെറിയ ശതമാനം ജീവനക്കാർ സ്വയം ഒഴിഞ്ഞുപോകാനും നിർബന്ധിതരായിട്ടുണ്ട്. കൂടുതൽ കമ്പനികൾ ടി.സി.എസിന്റെ പാത പിന്തുടരുന്നതോടെ രാജ്യത്തെ ഐ.ടി മേഖലയിലെ സുരക്ഷിതത്വമാണ് ഇല്ലാതാകുക.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായവും അവലോകന കാലയളവിൽ 2.2 ശതമാനം കുറഞ്ഞ് 6654 കോടി രൂപയായി. എന്നാൽ ഇൻഫോസിസിന്റെ വരുമാനം ഇക്കാലയളവിൽ 8.9 ശതമാനം വർദ്ധനയോടെ 45,479 കോടി രൂപയിലെത്തിയത് കൂടുതൽ ജീവനക്കാരെ കമ്പനിയിൽ നിലനിറുത്താൻ ഇടയാക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. രാജ്യത്തെ എൻജിനിയറിംഗ് പഠനം കഴിഞ്ഞ യുവ ജനത തൊഴിലിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഐ.ടി മേഖലയുടെ കിതപ്പ് വരും വർഷങ്ങളിൽ ഈ മേഖലയിൽ തൊഴിൽ സാദ്ധ്യതകൾ കുറയുമെന്നതിന്റെ കൂടി സൂചനയായി കരുതണം. അതേസമയം, എ.ഐ ഉൾപ്പെടെ, കൂടുതൽ സാങ്കേതിക പരിജ്ഞാനം ആവശ്യമായ മേഖലകളിൽ ചെറിയ തോതിലാണെങ്കിലും ജോലിസാദ്ധ്യത കൂടിവരുന്നുണ്ട്.
ഇത്തരം മേഖലകൾ കണ്ടെത്തി അത്തരം കോഴ്‌സുകൾ പഠിക്കാൻ യുവാക്കൾ കൂടുതൽ താത്‌പര്യം പ്രകടിപ്പിക്കേണ്ടതാണ്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ ചാഞ്ചാട്ടം ഉണ്ടാകുന്നത് ആവർത്തിക്കുന്നതിനാൽ ഐ.ടി മേഖലയിലെ മന്ദത നീണ്ടുനിൽക്കാനാണ് ഇടയുള്ളത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ചുങ്കപ്പോര് അമേരിക്കയിലും ലോകത്താകമാനവും സാമ്പത്തിക അനിശ്ചിതത്വത്തിന് ഇടയാക്കുന്നത് മറ്റ് കയറ്റുമതി കമ്പനികൾക്കെന്ന പോലെ ഐ.ടി കമ്പനികൾക്കും തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. ഇതൊക്കെ കണക്കാക്കുമ്പോൾ പുതുവർഷം സാമ്പത്തികമായി ആർക്കും അത്ര സുഖകരമാവില്ല എന്നുവേണം അനുമാനിക്കാൻ.