പണിയൊപ്പിച്ചത് താത്കാലിക ജീവനക്കാരി ഷെറീന, ബാങ്കില്‍ പണമെടുക്കാന്‍ ചെന്ന അദ്ധ്യാപിക ഞെട്ടി

Thursday 15 January 2026 8:18 PM IST

കൊച്ചി: എറണാകുളത്തെ പ്രമുഖ സര്‍ക്കാര്‍ സ്‌കൂളിന്റെ പി.ടി.എ ഫണ്ട്, പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പിട്ട് താത്കാലിക ജീവനക്കാരി തട്ടിയെടുത്തു. പി.ടി.എ നിയമിച്ച ജീവനക്കാരിയാണ് പലപ്പോഴായി തട്ടിപ്പ് നടത്തിയത്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍ ജീവനക്കാരിയെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശിനി ഷെറീനയാണ് പിടിയിലായത്. നാല് ലക്ഷത്തോളം രൂപയാണ് ഇവര്‍ കൈക്കലാക്കിയത്.

കുട്ടികളുടെ ആവശ്യത്തിനായുള്ള പണമെടുക്കാന്‍ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപിക ചെക്കുമായി ബാങ്കില്‍ എത്തിയപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താത്കാലിക ജീവനക്കാരി പലപ്പോഴായി നാല് ലക്ഷത്തോളം രൂപ ചെക്ക് മാറിയെടുത്തത് ബാങ്ക് ജീവനക്കാര്‍ അറിയിച്ചത്. പ്രധാനാദ്ധ്യാപിക വിവരം ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വ്യാജരേഖ ചമച്ച് പണം തട്ടിയെന്നാണ് കേസ്.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഏഴ് ചെക്കുകളാണ് ഇവര്‍ മാറിയെടുത്തത്. ഇന്നലെ പൊലീസ് താത്കാലിക ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. മറ്റാരുടെയോ ഭീഷണിക്ക് വഴങ്ങിയാണ് യുവതി പണം തട്ടിയെടുത്തതെന്നാണ് സംശയിക്കുന്നത്. ഇക്കാര്യമടക്കം അന്വേഷണ പരിധിയിലുണ്ട്. രണ്ട് വര്‍ഷം മുമ്പ് പി.ടി.എ മുന്‍കൈയെടുത്താണ് ഇവര്‍ക്ക് സ്‌കൂളില്‍ ജോലി നല്‍കിയത്. പി.ടി.എയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഓഫീസിലെ ജോലികളുമാണ് ഇവര്‍ ചെയ്തിരുന്നത്.

പ്രിന്‍സിപ്പലിന്റെ ഓഫീസിനോട് ചേര്‍ന്നായിരുന്നു യുവതിയുടെ ജോലിസ്ഥലം. ചെക്കുകളും മറ്റ് രേഖകളും വയ്ക്കുന്ന ഇടങ്ങളെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നു. സ്‌കൂളിന്റെ ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ പോകുമ്പോഴായിരുന്നു ചെക്കുകള്‍ സമര്‍പ്പിച്ച് പണം കൈക്കലാക്കിയിരുന്നത്. പണം തിരിച്ചടച്ച് കേസ് അവസാനിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. തട്ടിപ്പില്‍ ജീവനക്കാരിയുമായി അടുപ്പമുള്ള സ്‌കൂളിലെ ചിലര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.