വേനൽച്ചൂടിൽ തീപിടിത്തം വ്യാപകമാകുന്നു, കനൽ ഒരു തരി മതി ആളിക്കത്താൻ

Friday 16 January 2026 1:27 AM IST

കോട്ടയം : ചൂടിന് കാഠിന്യമേറിയതോടെ ജില്ലയിൽ പലയിടങ്ങളിലും തീപിടിത്തം വ്യാപകമാകുന്നു. ആളൊഴിഞ്ഞ പറമ്പുകളിൽ ഉണ്ടാവുന്ന തീപിടിത്തമാണ് കൂടുതൽ ഭീഷണി. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പറമ്പുകളിൽ മാലിന്യം കത്തിക്കുന്നതും തുടർന്ന് തീ പടർന്ന് പിടിക്കുന്നതും നിത്യസംഭവമായി. ഫയർഫോഴ്‌സിന്റെ സമയോചിത ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവാകുന്നത്. ഇടയ്ക്കിടയ്ക്കുള്ള കാറ്റും പകൽ അന്തരീക്ഷ ഊഷ്മാവ് കൂടിയതുമാണ് വില്ലനാകുന്നത്. ഷോർട്ട് സർക്യൂട്ടുകളിലൂടെയാണ് കെട്ടിടങ്ങളിൽ പ്രധാനമായും തീപടരുന്നത്. അശ്രദ്ധയാണ് മിക്ക അപകടങ്ങൾക്കും കാരണം. അലക്ഷ്യമായി മാലിന്യങ്ങൾ കത്തിക്കുന്നതും സിഗരറ്റ് കുറ്റികളും തീപ്പെട്ടി കൊള്ളികൾ വലിച്ചെറിയുന്നതും പലപ്പോഴും തീപിടിത്തമുണ്ടാക്കും. കാറ്റുള്ളതും ഉണങ്ങി നിൽക്കുന്ന പുല്ലുകളുമുള്ള ഇടങ്ങളിലാണ് പടരാൻ കൂടുതൽ സാദ്ധ്യതയുള്ളത്. മന:പ്പൂർവം അപകടങ്ങൾ സൃഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധരുമുണ്ട്.

ശ്രദ്ധിച്ചാൽ തടയാം

കാടുകയറികിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുക

ചവർ കത്തിക്കുന്നതിന് മുമ്പ് വെള്ളം കരുതണം

തീ പൂർണമായി അണഞ്ഞെന്ന് ഉറപ്പാക്കണം

വലിയ മാലിന്യ കൂമ്പാരങ്ങൾ ഒന്നിച്ച് കത്തിക്കരുത്

പെട്രോൾ പോലുള്ളവ വീടിന് സമീപം സൂക്ഷിക്കരുത്

വാഹനങ്ങൾ വെയിലത്ത് നിറുത്തിയിടുന്നത് ഒഴിവാക്കണം

ഫയർഫോഴ്സിന്റെ പരിമിതികൾ

ഫയർഫോഴ്സ് വാഹനങ്ങൾ എത്തിച്ചെല്ലാൻ സാധിക്കാത്ത പ്രദേശങ്ങൾ, പാടശേഖരങ്ങളിൽ ആൾപൊക്കത്തിൽ ഉണങ്ങിനിൽക്കുന്ന വലിയ കാടുകൾക്ക് തീപിടിച്ചാൽ, ഒരേസമയം വിവിധ സ്ഥലങ്ങളിലെ തീപിടിത്തം എന്നിവ വെല്ലുവിളിയാണ്.

തീപടരാതിരിക്കാൻ ആളുകൾ ബോധവാന്മാരാകണം. ഫയർ ബ്രേക്കിനുള്ള സംവിധാനം ക്രമീകരിക്കണം.

അധികൃതർ