തരുൺമൂർത്തി - മോഹൻലാൽ ചിത്രം തൊടുപുഴയിൽ തുടങ്ങുന്നു,​ വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ട് ആഷിഖ് ഉസ്മാൻ

Thursday 15 January 2026 9:06 PM IST

തുടരും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രത്തിന് തൊടുപുഴയിൽ ജനുവരി 23ന് തുടക്കമാകും. നിർമ്മാതാവ് ആഷിഖ് ഉസ്മാൻ ആണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിനായുള്ള ലൊക്കേഷൻ ഹണ്ടിംഗിനിടെ സംവിധായകൻ തരുൺ മൂർത്തി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ചിത്രം ഷെയർ ചെയ്തു കൊണ്ടാണ് ആഷിഖ് ഉസ്മാൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചത്. രതീഷ് രവി രചന നിർവഹിക്കുന്ന ചിത്രത്തിൽ പൊലീസ് കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ബിനു പപ്പുവാണ് ക്രിയേറ്റീവ് ഡയറക്ടർ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിനുമായി മോഹൻലാൽ ഒരുമിക്കുന്ന ആദ്യ ചിത്രം കൂടിയാണ്, മീരാ ജാസ്മിൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രകാശ് വർമ്മ, ഇർഷാദ് തുടങ്ങിയവരും താരനിരയിലുണ്ട്.

മോഹൻലാലിനെയും മീരാജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഓസ്റ്റിൻ ഡാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആ പ്രോജക്ട് ഡ്രോപ്പ് ആയതിന് പകരമാണ് തരുൺ മൂർത്തിയെ സംവിധായകനാക്കി ആഷിഖ് ഉസ്മാൻ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഓസ്റ്റിൻ ഡാൻ സംവിധാനം ചെയ്യാനിരുന്ന ചിത്രമല്ല ഇതെന്നും മറ്റൊരു ചിത്രമാണെന്നും ആഷിഖ് ഉസ്മാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.