വിതുര-പേപ്പാറ റോഡിൽ കാട്ടാന ശല്യം

Friday 16 January 2026 1:30 AM IST

വിതുര: വിതുര പേപ്പാറ റോഡിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. വനമേഖലയായതിനാൽ കാട്ടിനുള്ളിൽ നിന്നും കാട്ടാനകൾ വളരെ പെട്ടെന്ന് പേപ്പാറ റോഡിലേക്കിറങ്ങുകയാണ് പതിവ്. ഇന്നലെ രാവിലെ പേപ്പാറ മാങ്കാല മേഖലയിലാണ് കാട്ടാനകൾ റോഡിൽ ഇറങ്ങി ഭീതി പരത്തിയത്. മൂന്ന് കാട്ടാനകൾ ഉണ്ടായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.തുടർന്ന് നാട്ടുകാർ ഓടിച്ച് വനത്തിനുള്ളിലേക്ക് കയറ്റുകയായിരുന്നു. രാത്രിയിൽ പേപ്പാറ റോഡിൽ കാട്ടാനകൾ തങ്ങുന്നത് ആശങ്കാജനകമാണ്. പുലർച്ചെ വാഹനങ്ങളെത്തി ഹോൺ മുഴക്കുമ്പോഴാണ് കാട്ടിനുള്ളിലേക്ക് ഇവ പോകുന്നത്.

പേപ്പാറ ഡാമിലേക്കുൾപ്പെടെ ധാരാളം ടൂറിസ്റ്റുകൾ കടന്നുപോകുന്ന പ്രധാന വഴിയാണ് വിതുര-പേപ്പാറ റോഡ്. കാട്ടാനശല്യം വിനോദസഞ്ചാരികളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാങ്കാല,കുട്ടപ്പാറ,അഞ്ചുമരുതുംമൂട് പൊടിയക്കാല മേഖലകളിലും കാട്ടാനശല്യം രൂക്ഷമാണ്.

കാട്ടുപോത്തും പന്നിയും

കാട്ടാനക്ക് പുറമേ മേഖലയിൽ കാട്ടുപോത്തിന്റേയും പന്നിയുടേയും ശല്യവുമുണ്ട്. അടുത്തിടെ ഒരു കാട്ടുപോത്ത് മാങ്കാലയിൽ ഉപയോഗശൂന്യമായി കിടന്ന കിണറ്റിൽ വീണിരുന്നു. വനപാലകർ പുറത്തെടുത്ത്ചികിത്സ നൽകിയെങ്കിലും ചത്തു. ഇതിന് പുറമേ മീനാങ്കൽ മേഖലയിൽ പുലിയും ഇറങ്ങി ഭീതി പരത്തിയിരുന്നു. പൊൻമുടി,ബോണക്കാട് റോഡിലും കാട്ടാനകൾ ഇറങ്ങി ഭീതി പരത്തുന്നുണ്ട്.

വ്യാപക കൃഷിനാശവും

വിതുര പഞ്ചായത്തിലെ മേമല,മാങ്കാല,പേപ്പാറ വാർഡുകളുടെ പരിധിയിലുള്ള മേഖലകളിലാണ് കാട്ടാനകൾ കൃഷിനാശം വിതക്കുന്നത്. മേഖലയിലെ വാഴ,പച്ചക്കറി,മരച്ചീനി കൃഷികൾ വ്യാപകമായി നശിപ്പിച്ചു. തെങ്ങ്,കമുക്,റബർകൃഷികളും നശിപ്പിക്കുന്നുണ്ട്. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ട്. ബാങ്കിൽ നിന്നും വായ്പയെടുത്താണ് കൃഷി ഇറക്കിയിരുന്നത്. ഇപ്പോൾ ഭൂരിഭാഗം കർഷകരും കടക്കെണിയിലാണ്.