ക്ളാഷിന് ഷാജി പാപ്പനും മാർച്ച് 19ന്

Friday 16 January 2026 6:35 AM IST

ജയസൂര്യ നായകനായി മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രം മാർച്ച് 19ന് ഈദ് റിലീസ് ആയി പ്രദർശനത്തിന് എത്തും. യഷ് ചിത്രം ടോക്സിക്, രൺവീർ സിംഗിന്റെ ധുരന്ദർ 2 എന്നീ അന്യഭാഷ ചിത്രങ്ങളും മാർച്ച് 19ന് നേരിട്ട് ഏറ്റുമുട്ടും.ബോക്സ് ഒാഫീസിൽ തീ പാറുന്ന പോരാട്ടം തന്നെയായിരിക്കും എന്ന് ഉറപ്പിക്കാം.ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങൾക്കുശേഷം എത്തുന്ന മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, രഞ്ജി പണിക്കർ, സണ്ണി വയ്ൻ, ചെമ്പൻ വിനോദ്, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് എന്നീ ബാനറിലാണ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, സംഗീതം - ഷാൻ റഹ്മാൻ, എഡിറ്റർ - ലിജോ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി .കെ

ഗീതു മോഹൻദാസ് സംവിധാനം നിർവഹിച്ച ടോക്സിക് എ ഫെയിടെയിൽ ഫോർ ഗ്രോൺ അപ്സ് ഒരേസമയം കന്നടയിലും ഇംഗ്ളീഷുമാണ് ഒരുങ്ങുന്നത്.

കെ.ജി.എഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനുശേഷം എത്തുന്ന യഷ് സിനിമയാണ് ടോക്സിക്, യഷ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രവും. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവർ നായികമാരായിഅണി നിരക്കുന്നു. മലയാള താരം സുദേവ് നായർ താരനിരയിലുണ്ട്.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റാർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമ്മാണം. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു.

രൺവീർ സിംഗിന്റെ ധുരന്ദർ 2 ഉം പാൻ ഇന്ത്യൻ ചിത്രമാണ്. ആഗോളതലത്തിൽ 1200 കോടി കടന്ന ചിത്രം ആണ്ധു രന്ദർ. ആദിത്യധർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. രൺവീർ സിംഗിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം സമ്മാനിച്ച സിനിമയാണ് ധുരന്ദർ. സാറ അർജുൻ,​സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ ഗോപാൽ എന്നിവരാണ് മറ്റ് താരങ്ങൾ.