പൊൻമുടി സീതാതീർത്ഥത്തിൽ പൊങ്കാല
വിതുര:പ്രസിദ്ധമായ പൊൻമുടി സീതാതീർത്ഥ ക്ഷേത്രത്തിലെ മകരപ്പൊങ്കൽ മഹോത്സവം സമാപിച്ചു. ഭക്തിയുടെ നിറവിൽ നടന്ന പൊങ്കാലയിലും, അന്നദാനത്തിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. പ്രഭാതപൂജ,ദീപാരാധന,ചെണ്ടമേളം,ഉപദേവതാപൂജ,പുഷ്പാഭിഷേകം എന്നിവയും താലപ്പൊലി ഘോഷയാത്രയും നടന്നു. മകര പൊങ്കാല സന്ദേശസമ്മേളനം റിട്ട.ഡി.എഫ്.ഒ കെ.ഐ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് പ്രസിഡന്റ് എം.മാത്തൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.കുട്ടപ്പൻകാണി,ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ,ട്രസ്റ്റ് രക്ഷാധികാരി മോഹനൻ ത്രിവേണി,ഉത്സവക്കമ്മിറ്റി കൺവീനർ സുമേഷ് എന്നിവർ പങ്കെടുത്തു. കസ്തൂരി അനിരുദ്ധൻ ആത്മീയപ്രഭാഷണം നടത്തി. പൊങ്കാല അർപ്പിക്കാൻ എത്തുന്ന തീർത്ഥാടകരുടെ യാത്രാസൗകര്യം പരിഗണിച്ച് വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പൊൻമുടിയിലേക്ക് സ്‌പെഷ്യൽബസ് സർവീസ് നടത്തി.പൊങ്കാലയോടനുബന്ധിച്ച് നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് പൊൻമുടിയിലേക്ക് പ്രത്യേകബസ് സർവീസുണ്ടായിരുന്നു. വിതുര സേവാഭാരതിയുടെ നേതൃത്വത്തിൽ മെഡിക്കൽക്യാമ്പും സംഘടിപ്പിച്ചു.