സർക്കാർ അദ്ധ്യാപക നിയമനത്തിന് വഴി
സർക്കാർ സർവീസിലെ തസ്തികകളിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾത്തന്നെ താത്കാലിക നിയമനം വഴി മുട്ടുശാന്തി 'ഏർപ്പാട്" നടത്തുന്നത് പുതുമയുള്ളതല്ലെന്നു മാത്രമല്ല, ഏറക്കുറെ എല്ലാ വകുപ്പുകളിലും ഈ കുറുക്കുവഴി തന്നെയാണ് നടക്കുന്നതെന്ന ആക്ഷേപം എക്കാലത്തുമുള്ളതാണ്. ഇത്തരം പരാതികൾക്കിടയിലാണ് സർക്കാർ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ തൊണ്ണൂറ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനും, ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 48 പുതിയ തസ്തികകൾ സൃഷ്ടിക്കാനുമുള്ള സർക്കാർ തീരുമാനം. മികച്ച ശമ്പള സ്കെയിലും ആനുകൂല്യങ്ങളുമുള്ള കോളേജ് അദ്ധ്യാപക ജോലിയിൽ നയാപൈസ ഡൊണേഷൻ ഇല്ലാതെ കയറിപ്പറ്റുകയെന്ന സ്വപ്നം മനസിൽ താലോലിക്കുന്ന ഉന്നത അദ്ധ്യാപന ബിരുദധാരികളും, പി.എസ്.സി പട്ടികയിൽ ഉൾപ്പെട്ടവരുമായ ഉദ്യോഗാർത്ഥികൾക്ക് ലോട്ടറി പോലെയാണ് ഈ സർക്കാർ തീരുമാനമെന്നുതന്നെ പറയണം. എയ്ഡഡ് കോളേജുകളിൽ ഒരു അദ്ധ്യാപക നിയമനത്തിന് ഒരുകോടി രൂപയ്ക്കു മേൽ 'സംഭാവനാമൂല്യം" ഉണ്ടെന്നിരിക്കെ, അതൊന്നും സ്വപ്നം കാണാൻ പോലുമാകാതെ പി.എസ്.സി നിയമനം കാത്തിരിക്കുന്നവർക്ക് വലിയ പ്രതീക്ഷ നല്കുന്നതാണ് സർക്കാർ തീരുമാനം.
സർക്കാർ കോളേജുകളിലെ അസി. പ്രൊഫസർ നിയമനത്തിന് വിവിധ വിഷയങ്ങളുടെ റാങ്ക് ലിസ്റ്റ് കാലാവധി ഈ ഫെബ്രുവരിക്കുള്ളിൽ തീരാനിരിക്കെ നിയമന നടപടിയില്ലാത്തത് ചൂണ്ടിക്കാട്ടി, ഞങ്ങളുടെ ലേഖകൻ സുജിലാൽ കെ.എസ്, 'നിയമനങ്ങൾ വഴിയാധാരം" എന്ന ശീർഷകത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ഇക്കഴിഞ്ഞ അഞ്ചിന് 'കേരളകൗമുദി" പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. പല വിഷയങ്ങളിലും ഒഴിവുകളില്ലെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്ന ന്യായത്തിന്റെ പൊള്ളത്തരം കൂടി വ്യക്തമാക്കിയ ആ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് 90 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. റാങ്ക് പട്ടികയിൽ നിന്ന് ഇതുവരെ ഒരാളെപ്പോലും നിയമിച്ചിട്ടില്ലാത്ത ഇസ്ളാമിക് ഹിസ്റ്ററി, ഉറുദു വിഷയങ്ങളിൽ ഒഴിവില്ലെന്ന് അധികൃതർ വാദിക്കുമ്പോൾ, 39 ഒഴിവുകളുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം ഒരു ഉദ്യോഗാർത്ഥി കണ്ടെത്തിയ കാര്യവും ആ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അസി. പ്രൊഫസർമാരുടെ അധിക തസ്തിക പുനർവിന്യസിച്ചതിനു ശേഷം ബാക്കിവരുന്ന 90 ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.
വിവിധ വിഷയങ്ങളിലേക്കുള്ള അദ്ധ്യാപകരുടെ റാങ്ക് പട്ടികയിൽ ഏറ്റവുമാദ്യം കാലാവധി പൂർത്തിയാകുന്നത് ഇക്കണോമിക്സിനാണ്. ഈ പട്ടികയുടെ കാലാവധി ഈ 27-ന് തീരും. അതല്ലെങ്കിൽ സർക്കാർ ഇടപെട്ട് ഇനി പട്ടികയുടെ കാലാവധി നീട്ടേണ്ടിവരും. കാലാവധി ഉടനെ തീരുന്ന വിഷയങ്ങളിലെ റാങ്ക് പട്ടികയിൽ നിന്ന് നിയമനത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലായാൽ നിരവധി ഉദ്യോഗാർത്ഥികൾക്കാണ് അതിന്റെ പ്രയോജനം ലഭിക്കുക. എം.ഫിൽ കോഴ്സ് നിറുത്തലാക്കുകയും, പി.ജി കോഴ്സുകൾക്ക് നല്കിയിരുന്ന അധിക വെയിറ്രേജ് ഒഴിവാക്കുകയും ചെയ്തതു കാരണം ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പല വിഷയങ്ങളിലും അദ്ധ്യാപർക്ക് വർക്ക് ലോഡ് കുറഞ്ഞിരുന്നു. ഇങ്ങനെ, വർക്ക് ലോഡ് ഇല്ലാത്ത 361 അധിക തസ്തികകൾ ഉണ്ടെന്നായിരുന്നു വകുപ്പിന്റെ കണ്ടെത്തൽ. പതിനെട്ട് വിഷയങ്ങളിലായി ഇതിൽ ഉൾപ്പെട്ട 151 അദ്ധ്യാപകരെ മറ്റു കോളേജുകളിലേക്ക് പുനർവിന്യസിക്കാനാണ് തീരുമാനം.
ഈ പുനർവിന്യാസത്തിനു ശേഷമുള്ള ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക. ഇതിനു പുറമേ, 2020- 21ൽ അനുവദിച്ച പുതിയ കോഴ്സുകൾക്കു വേണ്ടിയാണ് പുതുതായി സൃഷ്ടിച്ച 48 തസ്തികകൾ. പുതുതായി സൃഷ്ടിച്ച തസ്തികകളിൽ ഇംഗ്ളീഷ്, ജ്യോഗ്രഫി, ഫിസിക്കൽ എഡ്യുക്കേഷൻ എന്നിവയിലാണ് 10 തസ്തിക വീതമുള്ളത്. സൈക്കോളജി, കംപ്യൂട്ടർ സയൻസ്, പൊളിറ്റിക്കൽ സയൻസ്, ഇലക്ട്രോണിക്സ്, ബി.ബി.എ എന്നിവയിൽ മൂന്ന് തസ്തിക വീതമുണ്ട്. എന്തായാലും, നിയമനം നടത്താൻ നിശ്ചയിച്ചവയും, പുതുതായി സൃഷ്ടിച്ച തസ്തികയിലും ഉൾപ്പെടെ ആകെ 138 കോളേജ് അദ്ധ്യാപക തസ്തികകളിലേക്കാണ് ഇപ്പോൾ നിയമനത്തിന് വഴി തുറന്നിരിക്കുന്നത്. ഇനി വേണ്ടത്, ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനെടുത്ത തീരുമാനം ഏറ്റവും അടിയന്തര സ്വഭാവത്തോടെ നടപ്പാക്കുകയും, അർഹരായ ഉദ്യോഗാർത്ഥികൾക്ക് അഡ്വൈസ് മെമ്മോ അയയ്ക്കുന്നതിൽ പി.എസ്.സി അമാന്തം കാണിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. ഇക്കാലത്ത് സർക്കാർ മേഖലയിൽ മാന്യമായ ഉദ്യോഗമെന്നത് ഭാഗ്യക്കുറിക്കു സമംതന്നെയാണ്. ഇനി, മോഹിപ്പിച്ചിട്ട് അലംഭാവംകൊണ്ട് നിരാശരാക്കാതിരുന്നാൽ മതി.