അടിമാലിയിലെ മണ്ണിടിച്ചിൽ; പുനരധിവാസ ഉറപ്പുകൾ പാഴായി

Friday 16 January 2026 12:05 AM IST

അടിമാലി: അടിമാലി ലക്ഷംവീട് ഭാഗത്തെ മണ്ണിടിച്ചിലിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകൾ പാഴ് വാക്കായി.രണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു ദേശീയപാത 85ന്റെ നിർമ്മാണ ജോലികളിൽ നടന്നു വന്നിരുന്ന ഭാഗത്താണ് വലിയ മണ്ണിടിച്ചിൽ ഉണ്ടായത്.പാതയോരത്ത് നിന്ന് മണ്ണിടിഞ്ഞെത്തിയതോടെ റോഡിന് താഴ് ഭാഗത്ത് ലക്ഷം വീട് ഭാഗത്തുണ്ടായിരുന്ന കുടുംബങ്ങളുടെ കിടപ്പാടം ഇല്ലാതായി.പ്രദേശവാസിയായ ബിജു മരണപ്പെടുകയും ബിജുവിന്റെ ഭാര്യക്ക് ഗുരുതര പരിക്ക് സംഭവിക്കുകയും ചെയ്തിരുന്നു.8 വീടുകൾ പൂർണ്ണമായി തകർന്നു.ദുരന്തശേഷം നടന്ന പരിശോധനയിൽ പ്രദേശം മതിയാംവിധം വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതോടെ ഇവിടുണ്ടായിരുന്ന മുപ്പതോളം കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് മാറി.ദുരന്തശേഷം ഈ കുടുംബങ്ങളൊക്കെയും ദുരിതാശ്വാസ ക്യാമ്പിലേക്കായിരുന്നു ആദ്യം മാറ്റപ്പെട്ടത്.ക്യാമ്പിൽ തുടരവെ പുനരധിവാസവുമായി ബന്ധപ്പെട്ട് ലഭിച്ച ഉറപ്പിൻ മേലാണ് കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് മാറാൻ തയ്യാറായത്.എന്നാൽ ഈ ഉറപ്പുകളൊന്നും പിന്നീട് പാലിക്കപ്പെട്ടില്ലെന്നാണ് പരാതി.വീട് പൂർണ്ണമായി നഷ്ടപ്പെട്ട 8 കുടുംബങ്ങൾ കത്തിപ്പാറയിലുള്ള കെ എസ് ഇ ബി കോട്ടേഴ്സുകളിലാണ് താൽക്കാലികമായി കഴിഞ്ഞ വരുന്നത്.മറ്റ് കുടുംബങ്ങൾ വാടക വീടുകളിലേക്കും മാറി.എന്നാൽ ഇവർക്ക് നൽകാമെന്ന് അറിയിച്ചിരുന്ന വാടക സംഭവം നടന്ന് മൂന്ന് മാസത്തോടടുക്കുമ്പോഴും ലഭിച്ചിട്ടില്ല.കുടുംബങ്ങൾക്ക് ഉണ്ടായ നഷ്ട പരിഹാരത്തിനാനുപാതികമായി ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നായിരുന്നു ദുരന്ത സമയത്ത് കുടുംബങ്ങൾക്ക് നൽകിയ മറ്റൊരുറപ്പ്.ഇക്കാര്യത്തിലും പുരോഗതി ഉണ്ടായിട്ടില്ല.നിനച്ചിരിക്കാതെ എത്തിയ ദുരന്തം ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെടുത്തി 30ഓളം കുടുംബങ്ങളെ പെരുവഴിയിലാക്കി.