നീര് കാക്കാനിറങ്ങും വാട്ടർ വളണ്ടിയർമാർ 26 മുതൽ രംഗത്തിറങ്ങും
കണ്ണൂർ: ജില്ലയിലെ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വാട്ടർ വളണ്ടിയർമാർ രംഗത്തിറങ്ങുന്നു. ജലസംരക്ഷണപ്രവർത്തനങ്ങളിൽ പരിശീലനം നേടിയ സംഘം ഈ മാസം 26 മുതൽ രംഗത്തിറങ്ങും. ജനകീയ പങ്കാളിത്തത്തോടെ പ്രാദേശികാടിസ്ഥാനത്തിൽ വ്യത്യസ്ത ജലസാക്ഷരത പ്രവർത്തനങ്ങളും ജലസംരക്ഷണ പ്രവർത്തനങ്ങളും ഏറ്റെടുക്കുന്നതാണ് വാട്ടർ വളണ്ടിയർ ക്യാമ്പയിൻ. പരിശീലനം ലഭിച്ച വളണ്ടിയർമാരാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.വാട്ടർ വളണ്ടിയർമാർക്ക് ഇതിനാവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്.തികച്ചും സന്നദ്ധ പ്രവർത്തനമായിരിക്കും വാട്ടർ വളണ്ടയർമാരുടെ പ്രവർത്തനം. മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന വാട്ടർ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും ബാഡ്ജുകൾ നല്കും.
കണ്ണൂർ ഡി.പി.സി ഹാളിൽ നടന്ന ശില്പശാലയിൽ ജില്ലയിൽ നടത്തേണ്ടുന്ന ജല സംരക്ഷണ കർമ്മ പദ്ധതിക്ക് രൂപം നല്കി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വളണ്ടിയർമാർ പങ്കെടുത്തു.ഹരിത കേരളം മിഷൻ ജില്ലാകോ ഓഡിനേറ്റർ ഇ.കെ.സോമശേഖരൻ,ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.എം.സുനിൽ കുമാർ സന്നദ്ധ സംഘടനയായ മോർ ഡയരക്ടർ കിഷോർ ലാൽ എന്നിവർ പ്രസംഗിച്ചു.ഭൂജല വകുപ്പ് ജില്ലാ എൻജിനീയർ ബി. ഷാബി സ്വാഗതം പറഞ്ഞു.
സെമി ക്രിട്ടിക്കൽ ബ്ളോക്കുകൾക്ക് പ്രത്യേക പദ്ധതി
ഭൂഗർഭ ജലനിരക്ക് പരിഗണിച്ച് പാനൂർ, തലശ്ശേരി ,കണ്ണൂർ ബ്ലോക്കുകളെ യൂണിയൻ സർക്കാർ സെമി ക്രിട്ടിക്കൽ ബ്ലോക്കുകളായി പ്രഖ്യാപിച്ചിരുന്നു. ഈ മേഖലകൾക്കായി പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കും. മറ്റ് ബ്ലോക്കുകളിൽ ജലസാക്ഷരതാ പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണന.
തിരിച്ചുപിടിക്കാം ജലസമ്പത്ത്
ഒരു വർഷം ശരാശരി 3,000 മില്ലി മീറ്റർ മഴയാണ് കേരളത്തിനു കിട്ടുന്നത് കാലവർഷത്തിലൂടെയും തുലാവർഷത്തിലൂടെയുമാണ് മഴയുടെ 85 ശതമാനം ലഭിക്കുന്നത്. പെയ്തിറങ്ങുന്ന മഴവെള്ളം സംഭരിക്കുകയോ ഭൂമിയിലേക്കിറക്കുകയോ ചെയ്താൽ കേരളത്തിന്റെ ജലദൗർലഭ്യം പരിഹരിക്കാം ഒരു ചതുരശ്ര മീറ്ററിൽഒരു മില്ലി മീറ്റർ മഴ പെയ്താൽ ഒരു ലീറ്റർ വെള്ളം കിട്ടുമെന്നാണു കണക്ക്. അങ്ങനെ വരുമ്പോൾ 10 സെന്റ് സ്ഥലത്ത് ഒരു വർഷം 12 ലക്ഷം ലീറ്റർ വെള്ളം കിട്ടും. ഇത് സംരക്ഷിച്ചാൽ മാത്രം മതി.
ജലസംരക്ഷണത്തിൽ പഠിക്കാനുണ്ട്
തണ്ണീർത്തടങ്ങളിൽ ഭൂരിഭാഗവും നികത്തപ്പെട്ടതിനാൽ പെയ്യുന്ന മഴ ഒരു സെക്കൻഡിൽ ഒരു മീറ്റർ വേഗത്തിൽ ഒഴുകി കടലിൽ എത്തുന്നു.
ചെറിയ കുഴികൾ കുത്തിയോ സ്ഥലം തട്ടുകളായി തിരിച്ചോ മഴവെള്ളം ഭൂമിയിലേക്കിറക്കിയാൽ ഭൂഗർഭ ജലനിരപ്പിൽ വ്യത്യാസം കണ്ടുതുടങ്ങും.
കേരളത്തിൽ ഏകദേശം 39,000 ചതുരശ്ര കിലോമീറ്ററിൽ 65 ലക്ഷത്തോളം തുറന്ന കിണറുകളുള്ളതിനാൽ മേൽക്കൂരയിലെ മഴവെള്ളം കുഴികുത്തിയോ ടാങ്ക് സ്ഥാപിച്ചോ കിണറിലേക്കിറക്കാം
കുഴിയിലോ ടാങ്കിലോ ചരൽ, കരി, മെറ്റൽ എന്നിവ നിശ്ചിത അളവിൽ വിരിച്ച് അതിലൂടെ മഴവെള്ളം കിണറിലേക്കു കടത്തിവിടാം