ചരിത്രത്തിലാദ്യം,​ സഞ്ചാരിക്ക് ആരോഗ്യപ്രശ്നം: ക്രൂ- 11 മിഷൻ തിരിച്ചെത്തി

Friday 16 January 2026 12:35 AM IST

വാഷിംഗ്ടൺ: രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.11ന് കാലിഫോർണിയയ്ക്ക് സമീപം പസഫിക് സമുദ്രത്തിൽ ക്രൂ ഡ്രാഗൺ എൻഡെവർ ക്യാപ്സൂൾ സുരക്ഷിതമായിറങ്ങി. പുലർച്ചെ 3.50നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെട്ടത്. രോഗം ബാധിച്ചത് ആർക്കാണെന്നോ എന്ത് രോഗമാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. നില തൃപ്തികരം.

നാസയുടെ സെന കാർഡ്മാൻ, മൈക്കൽ ഫീൻക്, ജാപ്പനീസ് സ്‌പേസ് ഏജൻസിയുടെ കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റനോവ് എന്നിവരാണ് തിരിച്ചെത്തിയത്. ഫെബ്രുവരി അവസാനം വരെ നിലയത്തിൽ തുടരാനായിരുന്നു പദ്ധതി.

നിലയത്തിന്റെ 27 വർഷത്തെ ചരിത്രത്തിനിടെ, ആദ്യമായാണ് ആരോഗ്യ പ്രശ്നം മൂലം സഞ്ചാരിയെ തിരിച്ചെത്തിക്കേണ്ടി വന്നത്. ആഗസ്റ്റ് ഒന്നിന് സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിലാണ് പേടകത്തെ ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ചത്.

# നിലയത്തിൽ 3 പേർ മാത്രം

 ഭൂമിയിൽ നിന്ന് 250 മൈൽ (400 കിലോമീറ്റർ) അകലെയുള്ള നിലയത്തിൽ നിലവിൽ മൂന്ന് സഞ്ചാരികൾ (റഷ്യയുടെ സെർജി കുദ് സ്വെർച്‌കോവ്, സെർജി മികേവ്, നാസയുടെ ക്രിസ് വില്യംസ്)

 ക്രൂ 12 മിഷന്റെ ഭാഗമായി നാലു സഞ്ചാരികൾ അടുത്ത 15ന് നിലയത്തിലേക്ക് പുറപ്പെടും

#മൈക്കൽ ഫീൻക്

549 ദിവസം

മൈക്കൽ ഫീൻക് നാലു മിഷനുകളിലായി ബഹിരാകാശത്ത് ചെലവഴിച്ചത് 549 ദിവസം. കൂടുതൽകാലം ചെലവഴിച്ച നാലാമത്തെ അമേരിക്കൻ സഞ്ചാരി. പെഗ്ഗി വിറ്റ്സൺ (695 ദിവസം)​ ആണ് ഒന്നാമത്. റഷ്യയിൽ നിന്ന് വലേറി പൊളിയകൊവ് (437 ദിവസം)​ ആണ് കൂടുതൽ കാലം തുടർച്ചയായി കഴിഞ്ഞത്.