ദേശീയപാതവികസനത്തിൽ പരാതികളേറുന്നു നടപ്പാതകളിൽ മാനദണ്ഡമില്ല;സർവീസ് റോഡും തോന്നുംപടി

Thursday 15 January 2026 10:52 PM IST

കല്യാശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന നടപ്പാതകളിൽ മാനദണ്ഡം ലംഘിക്കുന്നതായി ആക്ഷേപം.സർവീസ് റോഡും ഓവുചാലും കഴിഞ്ഞ് ഇരുവശങ്ങളിലും ഒരു മീറ്റർ നടപ്പാത നിർമ്മിക്കാനാണ് രൂപരേഖയിലുള്ളതെങ്കിലും പലയിടങ്ങളിലും ഇത് വ്യത്യസ്തമാണ്.

കണ്ണൂർ റീച്ചിൽ കുറ്റിക്കോൽ മുതൽ പാപ്പിനിശ്ശേരി വരെയുള്ള ഭാഗത്ത് പല സ്ഥലത്തും ഒരടിയും ഒന്നരയടിയും വീതിയിലാണ് നടപ്പാത. മറ്റു ചില മേഖലകളിൽ 21 അടിയിലധികം വീതിയുണ്ട്.കുറ്റിക്കോൽ മുതൽ മാങ്ങാട് വരെ പല സ്ഥലത്തും നടപ്പാതയുടെ കുറുകെ വൈദ്യുതി തൂണുകളുമുണ്ട്. തിരക്കേറിയ ധർമശാല കവലയിൽ കെ.എ.പി ക്യാമ്പിന് മുന്നിൽ പോലും വൈദ്യുതി തൂൺ നടപ്പാതയുടെ നടുവിലാണ്. മാങ്ങാട് മഖാമിന് സമീപം നടപ്പാതക്ക് പല സ്ഥലത്തും ഒരടി മുതൽ ഒന്നരയടി വരെയാണ് വീതി. ഇവിടെ കാൽ നടയാത്രക്കാർ നടപ്പാത ഒഴിവാക്കി സർവീസ് റോഡിൽ ഇറങ്ങേണ്ട അവസ്ഥയാണ്. എന്നാൽ കീച്ചേരിക്കും വേളാപുരത്തിനും ഇടയിലെ നടപ്പാതക്ക് പലയിടത്തും രണ്ടും മൂന്നും മീറ്ററാണ് വീതി.

നടപ്പാതകൾക്ക് പ്രത്യേകവീതി

ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന നടപ്പാതകൾക്ക് വ്യക്തമായ വീതി നിർദ്ദേശിക്കുന്നുണ്ട്. റോഡിന്റെ വിഭാഗം, നഗര/ഗ്രാമ പ്രദേശം, ട്രാഫിക് സ്വഭാവം എന്നിവയെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടും. നഗര മേഖലകളിൽ 1.8 മീറ്ററും തിരക്കേറിയ പ്രദേശങ്ങളിൽ രണ്ടു മുതൽ മൂന്ന് മീറ്റർ വരെയും നിർദ്ദേശിക്കുന്നുണ്ട്. സ്‌കൂൾ, ആശുപത്രി, മാർക്കറ്റ്, ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിൽ ഏറ്റവും കുറഞ്ഞത് ഒന്നര മീറ്റർ വീതി വേണം.എന്നാൽ ദേശീയപാത വികസനത്തിനിടയിൽ ഒരിടത്തും മാനദണ്ഡം പാലിച്ചു കാണുന്നില്ല.

സർവീസ് റോഡിലും ഏറ്റക്കുറച്ചിൽ

ദേശീയപാതയിൽ പലയിടത്തും സർവീസ് റോഡിന് വേണ്ടത്ര വീതിയില്ലാത്തത് ഗതാഗതത്തെ ബാധിക്കുമെന്ന് ഉറപ്പാണ്. രൂപരേഖ പ്രകാരം സർവീസ് റോഡിന്റെ വീതി ഏഴു മുതൽ 7.50 മീറ്റർ വരെയാണ്. ഇത് രണ്ട് വരിയായാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ പല ഭാഗത്തും ടാർ ചെയ്തത് 3.8 മീറ്റർ മുതൽ 5 മീറ്റർ വരെ മാത്രമാണ്. കുറ്റിക്കോൽ പാലത്തിന് സമീപം അഞ്ചു മീറ്ററാണെങ്കിൽ മാങ്ങാട് ടൗണിന് സമീപം എത്തുമ്പോൾ കേവലം 3.8 മീറ്റർ മാത്രമാണ്. ഓവുചാലിന്റെ ഭാഗം കൂടി സർവീസ് റോഡിനായി ഉപയോഗിച്ചാൽ മാത്രമെ 6 മുതൽ 6.50 മീറ്റർ വരെ ലഭിക്കുകയുള്ളൂ.