നാവായിക്കുളത്തെ കേരഗ്രാമം പദ്ധതി പ്രതിസന്ധിയിൽ

Friday 16 January 2026 3:57 AM IST

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കേരളസർക്കാർ 2025 -26 വർഷം നടപ്പിലാക്കാൻ തീരുമാനിച്ച കേരഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥ കാരണം പ്രതിസന്ധിയിൽ. ജില്ലയിൽ നാവായിക്കുളം ഉൾപ്പെടെ 5 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു പഞ്ചായത്തിൽ 25 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

മാർച്ച് 31 മുൻപ് പദ്ധതിത്തുക ചെലവഴിക്കാനാണ് നിർദ്ദേശം.

യു.ഡി.എഫിന് ഭൂരിപക്ഷമുളള പഞ്ചായത്തിൽ പ്രസിഡന്റ്,വൈസ് പ്രസിഡന്റുമാർ രാജിവച്ചതോടെ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാണ്. പദ്ധതി നിർവഹണം നടത്താൻ പ്രസിഡന്റില്ലാതെ കൃഷി ഓഫീസറും നിർവഹണ ഉദ്യോഗസ്ഥരും പ്രയാസപ്പെടുകയാണ്. അതിനാൽ അപേക്ഷ നൽകിയ കേരകർഷകരുടെ കാത്തിരിപ്പ്‌ നീളുകയാണ്.

ആവശ്യങ്ങൾ

പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർമാരും വാർഡുതല കേരസമിതി മെമ്പർമാരും ചേർന്ന് ജനകീയ കമ്മിറ്റി രൂപീകരിച്ച് പദ്ധതി ഉദ്ഘാടനവും സെമിനാറും നടത്തണം. വാർഡിലെ കർഷകരുടെ അപേക്ഷകൾ കേര സമിതി വാർഡ് കൺവീനറും കൃഷി ഉദ്യോഗസ്ഥരും പരിശോധിച്ച് ശുപാർശ ചെയ്യണം.

നടപ്പാക്കേണ്ടത് തെങ്ങിന്റെ തടംതുറക്കൽ,ജൈവവള കിറ്റ്,ജൈവവളം,കുമ്മായം,രാസവളം,കുമിൾനാശിനി,മണ്ട വൃത്തിയാക്കി മരുന്ന് പ്രയോഗം,കേടുവന്ന തെങ്ങ് മുറിച്ചുമാറ്റൽ,ജലസേചന കിണർ,പമ്പ് സെറ്റ് തെങ്ങുകയറ്റ യന്ത്രം,കമ്പോസ്റ്റ് നിർമ്മാണം എന്നീ വിവിധ പദ്ധതികളാണ് നടപ്പാക്കേണ്ടത്.