ഏബിൾ വില്ലേജ് ഇന്ന് നാടിന് സമർപ്പിക്കും: പാടിക്കുന്നിൽ വഴിതുറക്കുന്നു വൻ വിനോദസഞ്ചാര സാദ്ധ്യതകൾ

Thursday 15 January 2026 11:01 PM IST

മയ്യിൽ : കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തലുമായി കൊളച്ചേരി പഞ്ചായത്തിലെ പാടിക്കുന്നിൽ സജ്ജമായ ‘ഏബിൾ വില്ലേജ്’ ഇന്ന് നാടിന് സമർപ്പിക്കും.പതിനഞ്ച് ഏക്കറിൽ പ്രകൃതിരമണീയ അന്തരീക്ഷത്തിൽ അത്യാധുനിക വിനോദസഞ്ചാര സാദ്ധ്യതകളോടെയാണ് ഈ വിനോദകേന്ദ്രത്തിന്റെ രൂപകല്പന.

സാഹസികതയും വിനോദവും സമന്വയിപ്പിക്കുന്നതാണ് ഏബിൾ വില്ലേജിന്റെ പ്രത്യേകത. അഡ്വഞ്ചർ കേവ് (സാഹസിക ഗുഹ), അണ്ടർവാട്ടർ ടണൽ (വെള്ളത്തിനടിയിലൂടെയുള്ള തുരങ്കം), ഹോഴ്സ് റൈഡിംഗ്, ഒട്ടക സഫാരി എന്നിങ്ങനെ നിരവധി വിനോദ,​സാഹസിക സംരംഭങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്. ചിൽഡ്രൻസ് പാർക്ക്, ബേർഡ് ഫീഡിംഗ്, പെറ്റ് വില്ലേജ്. പ്രകൃതിക്കൊപ്പം: നഴ്സറി ഗാർഡൻ, പഴം-പച്ചക്കറി കൃഷി, ഡയറി ഫാം. വൈദേശിക പക്ഷികൾ, പാമ്പുകൾ, എലികൾ എന്നിവയെ നേരിൽ കാണാനുള്ള പ്രത്യേകസൗകര്യങ്ങളും കേന്ദ്രത്തിന്റെ പ്രത്യേകതയാണ്.

ക്ഷീരകർഷക അവാർഡ് ജേതാവും വ്യവസായിയുമായ കെ.പ്രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സംരംഭം.പാടിക്കുന്നിലെ പാടി തീർത്ഥം മുൾപ്പെടെയുള്ള പൗരാണിക ജലസ്രോതസ്സുകൾ നിലനിർത്തി ചെങ്കല്ലും സ്വാഭാവിക പ്രകൃതിയും ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. സ്കൂളുകൾക്കും കുടുംബശ്രീ യൂണിറ്റുകൾക്കും പ്രത്യേക ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

വിനോദസഞ്ചാരത്തിൽ പുതിയ ചുവട്

വടക്കൻ മലബാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതായിരിക്കും ഏബിൾ വില്ലേജ്.

പ്രകൃതിയെ ചേർത്തുനിർത്തി പച്ചക്കറി ഉൽപ്പാദനം,​ വിപണനമേള,​ പശുവളർത്തൽ ഫാം എന്നിവയും ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നു. വിദേശയിനം പക്ഷികൾ നിറഞ്ഞ പക്ഷിസങ്കേതം, ഒട്ടകസഫാരി, വളർത്തുമൃഗങ്ങളുടെ ശേഖരം, കുളത്തിൽ നിന്ന് മീനുകളെ ചൂണ്ടയിടാനും പാകം ചെയ്ത് കഴിക്കാനുമുള്ള സൗകര്യം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനം നാളെ 11ന്

നാളെ രാവിലെ 11ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഏബിൾ വില്ലേജിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നത്. ചടങ്ങിൽ സിനിമാതാരം ശ്വേത മേനോൻ മുഖ്യാതിഥിയാകും. കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പാർക്കിലേക്കുള്ള പ്രവേശനഫീസ് 200 രൂപയാണ്. പത്രസമ്മേളനത്തിൽ ഏബിൾ വില്ലേജ് എം.ഡി കെ. പ്രതീഷ്, എം.വിജയൻ, സി പി.ശിവദാസൻ, വിനോദ് കണ്ടക്കൈ, കെ.സി ബിജുമോൻ, അനിൽ ഒഡേസ എന്നിവർ പങ്കെടുത്തു.