എസ്‌ഐആർ കരട് പട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം, രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്ച കൂടി സമയം

Thursday 15 January 2026 11:22 PM IST

ന്യൂഡൽഹി : കേരളത്തിൽ എസ്‌ഐആർ കരട് പട്ടികയിൽ നിന്ന് പുറത്തായവർക്ക് രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്ച കൂടി സുപ്രീം കോടതി സമയം അനുവദിച്ചു. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. കരട് പട്ടികയിൽ നിന്ന് പുറത്തായവരുടെ പേരുവിവരങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനും കോടതി നിർദേശം നൽകി.

നേരത്തെ , കേരളത്തിൽ എസ്‌ഐആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 24 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. 2.71 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. എസ്‌ഐആറിൽ പേരുവിവരങ്ങളും രേഖകളും ചേർക്കാനുള്ള തീയതി ഇന്ന് അവസാനിരിക്കെയാണ് സുപ്രിംകോടതിയുടെ ഇടപെടൽ. രേഖകൾ പൂർത്തിയാക്കുന്ന ഘട്ടത്തിൽ എങ്ങനെ പൂർത്തിയാക്കണമെന്ന കാര്യത്തിലെ അജ്ഞത, മാതാപിതാക്കളുടെ പേരുകൾ തമ്മിൽ ചേരുന്നില്ല തുടങ്ങിയ കാര്യങ്ങൾ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുപ്രകാരം, കരട് പട്ടികയിൽ നിന്ന് പുറത്തായവരുടെ രേഖകൾ സമർപ്പിക്കാനും തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതി നിർദേശം നൽകുകയായിരുന്നു.

ഫെബ്രുവരി 21ന് അന്തിമ വോട്ട‌ർപട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മിഷൻ നിശ്ചയിച്ചിരുന്നത്. അവകാശവാദം ഉന്നയിക്കാനുള്ള സമയപരിധി നീട്ടുന്ന സാഹചര്യത്തിൽ അന്തിമപട്ടിക വൈകും. ഈ പട്ടികയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് എന്യുമറേഷൻ ഫോം സമർപ്പിക്കേണ്ട സമയപരിധി രണ്ടുതവണ നീട്ടിയിരുന്നു. ഡിസംബർ 4ൽ നിന്ന് 11ലേക്കും പിന്നീട് 18ലേക്കും നീട്ടി.