പീച്ചി-വാഴാനി ടൂറിസം കോറിഡോർ, കാന നിർമ്മാണത്തിന് വില്ലനായി സർക്കാർ സ്ഥാപനങ്ങളുടെ പോര്
വടക്കാഞ്ചേരി : പീച്ചി -വാഴാനി ടൂറിസം കോറിഡോർ നിർമ്മാണം അന്തിമ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള പോര് തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പിലും കുണ്ടുകാടും കാന നിർമ്മാണത്തിന് തിരിച്ചടിയാകുന്നു. പുന്നംപറമ്പ് ജംഗ്ഷനിലും കുണ്ടുകാട് അമ്പലപ്പാട് സർവീസ് സഹകരണ ബാങ്ക് പരിസരത്തും 2015 ൽ സ്ഥാപിച്ച ഉയരവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതിനെ ചൊല്ലിയാണ് വൈദ്യുതി ബോർഡ്, കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി), സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്) എന്നിവ തമ്മിൽ രൂക്ഷമായ ഭിന്നത നിലനിൽക്കുന്നത്. അനുയോജ്യമായ സ്ഥലത്തേക്ക് വിളക്ക് മാറ്റി സ്ഥാപിക്കേണ്ടത് ആര് എന്നതിനെച്ചൊല്ലിയാണ് തർക്കം. ഉയരവിളക്കുകൾക്ക് ഇരുവശത്തും കാന നിർമ്മാണം പൂർത്തിയായി. മഴ പെയ്താൽ പ്രധാന ജംഗ്ഷനുകൾ വെള്ളക്കെട്ടിൽ നിറയും. പദ്ധതിയുടെ ഭാഗമായ പുന്നംപറമ്പിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും പ്രതിസന്ധിയിലാണ്. തങ്ങളുടെ സ്ഥലത്തിന് മുന്നിൽ അനുവദിക്കില്ലെന്ന നിലപാടുമായി ഉടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.
നാടിന്റെ മുഖച്ഛായ മാറ്റുന്ന കോറിഡോർ ദേശീയപാത 544ലെ മുടിക്കോട് നിന്നാരംഭിച്ച് വടക്കാഞ്ചേരി-വാഴാനി റോഡിലെ കരുമത്ര സെന്ററിൽ അവസാനിക്കുന്ന 18.65 കി.മീ റോഡ് വീതികൂട്ടി ഉന്നത നിലവാരത്തിൽ നവീകരിക്കുന്ന നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണ് പീച്ചി-വാഴാനി ടൂറിസം കോറിഡോർ. രണ്ട് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ മാടക്കത്തറ പഞ്ചായത്തിലെ പൊങ്ങണംകാട് മുതൽ കരുമത്ര സെന്റർ വരെയുള്ള 11.65 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. 58.8 കോടി രൂപയാണ് പദ്ധതിക്ക് സാങ്കേതികാനുമതിയുള്ളത്.
കാന നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധിക്ക് 10 ദിവസത്തിനുള്ളിൽ പരിഹാരം കാണും. -ടി.വി. സുനിൽകുമാർ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)