ആൾത്തിരക്കിൽ ജനുവരിപ്പൂരം!
തൃശൂർ: കലോത്സവ വേദികളെല്ലാം ആൾത്തിരക്ക്, കലോത്സവത്തിന്റെ ഒന്ന്, രണ്ട്, മൂന്ന് വേദികൾ ഉൾപ്പെടുന്ന തേക്കിൻകാട്ടിൽ പിറന്നത് ജനുവരിയിലെ ആൾപ്പൂരം..! മേടത്തിലെ പൂരം നാളിൽ തെക്കോട്ടിറക്കമാണെങ്കിൽ കലോത്സവപ്പൂരത്തിന് പുരുഷാരം നിറഞ്ഞത് കിഴക്കെ ഗോപുരനടയ്ക്ക് മുൻപിൽ. ഭരതനാട്യവും തിരുവാതിരകളിയും കാണാൻ പ്രധാന വേദിയായ സൂര്യകാന്തിയിലും നാടോടിനൃത്തവും ഒപ്പനയും അരങ്ങേറിയ രണ്ടാം വേദിയിലും മംഗലംകളി നടന്ന മൂന്നാം വേദി നീലക്കുറിഞ്ഞിയിലും എല്ലാം ജനനിബിഡം. പൊട്ടിച്ചിരി പടർത്തിയ ടൗൺ ഹാളിലെ നാലാം വേദിയിലും തിരക്കേറെയുണ്ടായിരുന്നു. നാടകങ്ങളുടെ ഈറ്റില്ലമായ തൃശൂരിലെ കലോത്സവ നാടകവേദിയിലും ജനം തിങ്ങിനിറഞ്ഞു. കാൾഡിയൻ സിറിയൻ സ്കൂൾ ഹാളിൽ മറ്റൊരു സ്ക്രീൻ പുറത്ത് വച്ചാണ് അരങ്ങിനെ സ്നേഹിക്കുന്ന ഭൂരിഭാഗം പേരും നാടകം ആസ്വദിച്ചത്. സാഹിത്യ അക്കാഡമിയിൽ കേരളനടനവും ഓട്ടൻ തുള്ളലും നടന്ന ഇരുവേദികളും കലോത്സവം ജനകീയമാകുന്ന കാഴ്ചയ്ക്കാണ് സാക്ഷിയായത്.
ഊട്ടുപുരയിലും തിരക്ക്
കലോത്സവത്തിന്റെ ഊട്ടുപുരയിലും തിരക്കോട് തിരക്ക്. പ്രഭാതഭക്ഷണത്തിന് ശേഷം രാവിലെ 11 ഓടെ തന്നെ ഉച്ചയൂണ് ആരംഭിച്ചെങ്കിലും വൈകിട്ട് മൂന്നര വരെ തുരേണ്ടിവന്നു. ആ സമയവും നീണ്ട ക്യൂ പ്രകടം.
പുത്തൻപ്രതിഭകൾ മിന്നി, കൈയടിയുമായി തീപ്പൊരിനേതാക്കൾ
കൃഷ്ണകുമാർ ആമലത്ത്
തൃശൂർ : പ്രസംഗവേദിയിൽ പുത്തൻപ്രതിഭകളുടെ മിന്നലാട്ടം. പുറത്ത് കാഴ്ചക്കാരായി കൈയടിച്ച് രാഷ്ട്രീയത്തിലെ തീപ്പൊരി പ്രാസംഗികർ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സെന്റ് ക്ലയേഴ്സ് സ്കൂളിൽ കണ്ണന്തളി വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം പ്രസംഗ മത്സരം കാണാനാണ് യുവനേതാക്കളെത്തിയത്. അവരെത്തുമ്പോൾ വേദിയിൽ കാണികൾ കുറവ്. എ.ഐ.വൈ.എഫിന്റെ മുൻ സംസ്ഥാന സെക്രട്ടറി തൃശൂർ ജില്ലാ പഞ്ചായത്തംഗം കെ.പി.സന്ദീപ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എസ്.റോസൽ രാജ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് മനുദേവ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ എന്നിവരാണ് പ്രോത്സാഹനവുമായെത്തിയത്. ഭരണഭാഷ മലയാളമാകുമ്പോൾ എന്നതായിരുന്നു വിഷയം. തുടക്കക്കാരുടെ പോരായ്മകളുണ്ടായിരുന്നു പലർക്കും. എങ്കിലും തങ്ങളുടെ ചിന്തകളും ആകുലതകളും അവർ പങ്കുവച്ചു. മത്സരത്തിന് അഞ്ച് മിനിറ്റ് മുമ്പ് നൽകിയ വിഷയത്തിൽ അഞ്ച് മിനിറ്റിൽ ക്യാപ്സൂൾ പരുവത്തിൽ പ്രസംഗിക്കണം. ഗ്രേഡുകൾ നേടുന്നതിനേക്കാൾ ഉപരി പ്രസംഗകലയിലേക്ക് പുതുസമൂഹം കടന്നു വരുന്നത് അഭിനന്ദനാർഹമാണെന്ന് നാലുപേരും അഭിപ്രായപ്പെട്ടു. മറ്റ് കലാരൂപങ്ങളിലേക്ക് ആയിരക്കണക്കിന് രൂപ ചെലവഴിച്ച് അപ്പീലിലൂടെ കടന്നുവരുന്നവരേറുമ്പോൾ പ്രസംഗ മത്സരത്തിന് 14 ജില്ലകളിൽ നിന്ന് 13 പേരാണ് പങ്കെടുത്തത്. പലരും പ്രസംഗ പരിശീലന കളരികളിൽ പങ്കെടുത്ത് ഭാവിയിൽ ഒരു പ്രാസംഗികരാകണമെന്ന മോഹം സൂക്ഷിക്കുന്നവരും.
ബിരിയാണി ചലഞ്ച് ഹിറ്റായി 'മംഗലം'വേദിയിൽ അവരെത്തി
അജന്യ ആർ.എസ്
തൃശൂർ: ഗോത്ര കലയായ മംഗലം കളി കലോത്സവ ഇനമായെത്തിയപ്പോൾ പങ്കെടുക്കണമെന്ന വിദ്യർത്ഥികളുടെ ആഗ്രഹം സഫലമാക്കി പൂർവവിദ്യാർത്ഥി സംഘടന. പീച്ചി ഗവ.എച്ച്.എസ്.എസിലെ വിദ്യർത്ഥികൾക്കാണ് ബിരിയാണി ചലഞ്ചിലൂടെ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ സഹായമെത്തിച്ചത്. കാസർകോടിലെ ഗോത്ര കലാകാരൻ സതീഷിനെ എത്തിച്ചാണ് പരിശീലനം നൽകിയത്. 12 പേരിൽ പകുതി പേരും ഗ്രോത്ര വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ്. സബ്ജില്ലയിൽ നിന്നും അപ്പീലുമായെത്തി ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവച്ച് എ ഗ്രേഡുമായാണ് മടങ്ങിയതും.
വീണിട്ടും വിട്ടില്ല, തുള്ളലിൽ മഹേശ്വറിന് എ പ്ലസ് !
തൃശൂർ: കുഴഞ്ഞു വീണിട്ടും വിട്ടില്ല, ഓട്ടൻ തുള്ളലിൽ എ പ്ലസ് നേടി മഹേശ്വർ എച്ച്. വാര്യർ. രാവിലെ 12.15ഓടെ വേദിക്കരികിൽ തളർന്നുവീണ കുട്ടിയെ ആംബുലൻസിലാണ് സംഘാടകരും രക്ഷിതാക്കളായ രമ്യയും ഹരീഷും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. ഒരു പക്ഷേ മത്സരം പോലും നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയിലായി രക്ഷിതാക്കൾ. ജില്ലാ ജനറൽ ആശുപത്രിയിലെത്തിക്കും മുൻപേ ഛർദ്ദിൽ. ഡ്രിപ്പിട്ട ശേഷം ആശുപത്രിയിൽ നിന്നും വീണ്ടും മഹേശ്വർ സാഹിത്യ അക്കാഡമിയിലെ കനകാംബരം വേദിയിലെത്തി. വേദിയിൽ ശീതങ്കൻ തുള്ളൽ അവതരിപ്പിച്ച മഹേശ്വറിന് വിധി വന്നപ്പോൾ എ ഗ്രേഡ്. മായന്നൂർ സെന്റ് തോമസ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. കലാമണ്ഡലം നന്ദകുമാറാണ് ഗുരു.
കലോത്സവം സുഗമമായി മുന്നോട്ട് പോകുന്നുണ്ട്. മത്സരങ്ങൾ വൈകി അവസാനിക്കുന്ന പ്രവണത ഇന്ന് ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കി. അപ്പീലുകൾ മൂലമുണ്ടാകുന്ന കാലതാമസമാണ് വൈകുന്നതിന് ഒരു പ്രധാന കാരണം. കലോത്സവത്തിന്റെ ഊട്ടുപുര വസജീവമാണ്. പൊലീസിന്റെ കർശന നിരീക്ഷണവും 700 വൊളണ്ടിയർമാരുടെ സേവനവും ലഭ്യമാണ്.
മന്ത്രി വി.ശിവൻകുട്ടി